ബെംഗളൂരു: വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ വധു അണിഞ്ഞ സാരിയെചൊല്ലി തർക്കം. ഗുണനിലവാരം കുറഞ്ഞ സാരി അണിഞ്ഞാണ് വധു ചടങ്ങിനെത്തിയതെന്ന് ആരോപിച്ച് വരന്റെ കുടുംബം വിവാഹത്തിൽനിന്ന് പിൻമാറി. കർണാടകയിലെ ഹസ്സൻ ടൗണിലാണ് സംഭവം.

ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ബിഎൻ രഘുകുമാറും ബിആർ സം​ഗീതയും വിവാഹിതരാകാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലൊണെന്ന വിവരം വീട്ടുകാരെ അറിയിക്കുകയും വിവാഹം കഴിക്കാനുള്ള സമ്മതം തേടുകയും ചെയ്തു. ബുധനാഴ്ചയായിരുന്നു രഘുകുമാറും സം​ഗീതയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടന്നത്. ഇതിനിടെ ചടങ്ങിൽ ​ഗുണനിലവാരം കുറഞ്ഞ സാരി അണിഞ്ഞാണ് സം​ഗീത എത്തിയതെന്ന് രഘുകുമാറിന്റെ കുടുംബം ആരോപിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിനായി അണിഞ്ഞിരിക്കുന്ന സാരിയേക്കാളും ​ഗുണനിലവാരം കൂടിയ സാരി ഉടുത്തുവരാനും രഘുകുമാറിന്റെ മാതാപിതാക്കൾ‌ സം​ഗീതയോട് ആവശ്യപ്പെട്ടു.

ഇതോടെ സം​ഗീതയുടെയും രഘുകുമാറിന്റെയും കുടുംബങ്ങൾ തമ്മിൽ തർക്കത്തിലായി. വഴക്ക് മൂത്ത് കയ്യാങ്കളിയിൽ വരെ എത്തിയതോടെ രഘുകുമാറിന്റെ മാതാപിതാക്കൾ വിവാഹത്തിൽനിന്ന് പിൻമാറുകയാണെന്ന് വധുവിന്റെ ബന്ധുക്കളെ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു രഘുകുമാറും സം​ഗീതയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. അതേസമയം, വിവാഹത്തിൽനിന്ന് കുടുംബവും ബന്ധുക്കളും പിൻമാറിയതോടെ തന്റെ മകളോട് വിശ്വാസവഞ്ചന കാണിച്ച് വരൻ സ്ഥലംവിട്ടെന്ന് ആരോപിച്ച് വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

വധുവിന്റെ വീട്ടുകരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും രഘുകുമാറിനായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രഘുകുമാർ ഒളിവിലാണെന്നും അയാൾക്കായി അന്വേഷണം ആരംഭിച്ചതായും ഹസ്സൻ എസ്‍പി പൊലീസ് ശ്രീനിവാസ് ​ഗൗഡ വ്യക്തമാക്കി. രഘുകുമാറിന്റെ മാതാപിതാക്കൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.