തമിഴ്നാട്ടിലെ തൃക്കടയൂരിൽ നിന്ന് മതേതര സൗഹാ‍ർദ്ദത്തിന്‍റെ ഒരു നല്ല മാതൃക. അമൃതകണ്ഠേശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് പോകുന്ന സന്ന്യാസി സംഘത്തിന് മുസ്ലീം ജമാ അത്ത് കമ്മിറ്റിയും ക്രിസ്ത്യൻ പുരോഹിതരും ചേർന്നൊരുക്കിയ സ്വീകരണം കാണാം

ചെന്നൈ: തമിഴ്നാട്ടിലെ (Tamil nadu) തൃക്കടയൂരിൽ നിന്ന് മതേതര സൗഹാ‍ർദ്ദത്തിന്‍റെ ഒരു നല്ല മാതൃക. അമൃതകണ്ഠേശ്വര ക്ഷേത്രത്തിലെ (Amritakandeshwara Temple) കുംഭാഭിഷേകത്തിന് പോകുന്ന സന്ന്യാസി സംഘത്തിന് മുസ്ലീം ജമാ അത്ത് കമ്മിറ്റിയും ക്രിസ്ത്യൻ പുരോഹിതരും ചേർന്നൊരുക്കിയ സ്വീകരണമാണ് ശ്രദ്ധേയമായത്. ഈ മാസം 27നാണ് പ്രസിദ്ധമായ തൃക്കടയൂർ അഭിരാമി അമ്മൻ അമൃത കണ്ഠേശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകം. ചടങ്ങിനായി കാരയ്ക്കലിലെ ധർമപുരം അഥീന മഠത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് പദയാത്രയായി പോകുന്ന ഗുരുലിംഗം സന്ന്യാസി സംഘത്തിന് നാനാ ജാതിമതസ്ഥർ ചേർന്ന് സ്വീകരണം നൽകി. ധർമപുരം അഥീനം മഠാധിപതിയുടെ നേതൃത്വത്തിലുള്ള സന്യസ്ഥ സംഘത്തെയാണ് ജമാ അത്ത് കമ്മിറ്റിയും ക്രിസ്ത്യൻ പുരോഹിതരും ചേർന്ന് സ്വീകരിച്ചത്.

പദയാത്ര ആക്കൂർ ജമാ അത്ത് പള്ളിക്ക് മുന്നിലെത്തിയപ്പോൾ പള്ളിക്കമ്മിറ്റി ദുആ ചെയ്താണ് വരവേറ്റത്. ജമാ അത്ത് ഭാരവാഹികളും മഠാധിപതിയും അന്നോന്ന്യം പൊന്നാടകളണിയിച്ച് ആദരം പങ്കിട്ടു. തുടർന്ന് പദയാത്രാസംഘത്തിന് പള്ളിമുറ്റത്ത് ഒട്ടുനേരം വിശ്രമം. പിന്നീട് ട്രിനിറ്റി ഇവാഞ്ചലിക്കൽ ഥുഫേറിയൻ ചർച്ചിലെ വൈദികരുടേയും ദേവാലയത്തിന്‍റേയും വക കുടിവെള്ളവും ഭക്ഷണവും പദയാത്രാസംഘത്തിന് നൽകി. ആക്കൂർ ധാന്തോൻട്രീസ്വര ക്ഷേത്രം അധികൃതർ പൂർണകുംഭം നൽകിയും സ്വീകരിച്ചു. മതവിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് വേർതിരിവിന്‍റെ മതിലുകളെ മനുഷ്യർ പൊളിച്ചുകളയുന്ന നല്ല സന്ദേശം. ഇന്ന് രാത്രിയോടെ പദയാത്രാ സംഘം തൃക്കടയൂർ ക്ഷേത്രത്തിലെത്തും.

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് അധികാരമേറ്റു

ഇംഫാൽ: മണിപ്പൂർ (Manipur )മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് (N Biren Singh) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ​ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ബിരേൻ സിങ്ങിനെ ഐകകണ്ഠ്യേനയാണ് ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. മണിപ്പൂരിൽ ബി ജെ പി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു. ബിരേൻ സിം​​ഗും മുതിർന്ന എം എൽ എ ബിശ്വജിത് സിം​ഗും തമ്മിലുള്ള തർക്കമായിരുന്നു കാരണം. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ചയുറപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുകയാണ്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

വികസനം പറഞ്ഞ് വോട്ടു പിടിച്ചാണ് ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായത്. മുഖ്യമന്ത്രി ബിരേൻ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർഥികള്‍ അധികവും വിജയിച്ചു. 

മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒന്‍പത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്‍റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു മാറ്റപ്പെട്ടു.