നാളെ മുതൽ ഒരാഴ്ച ജിഎസ്ടി സേവിംഗ്സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്.
ദില്ലി : രാജ്യം നാളെ മുതൽ പുതിയ ജിഎസ്ടി നിരക്കിലേക്ക് മാറുകയാണ്. വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതൽ ഒരാഴ്ച ജി എസ് ടി സേവിംഗ്സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്.
ജിഎസ്ടി മാറ്റം വരുമ്പോൾ, വിലക്കുറവ് സംബന്ധിച്ച് വൻകിട കമ്പനികൾ രാജ്യവ്യാപകമായി മുന്‍ കൂട്ടി പരസ്യം നൽകിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകൾ എത്തിയാൽ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു. ചരക്ക്-സേവനനികുതിനടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണമാണ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്. നികുതിയളവിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമാകാൻ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവ് സംബന്ധിച്ച് ഇന്ന് പത്രങ്ങളിൽ വൻകിട കമ്പനികൾ പരസ്യം നൽകിയിട്ടുണ്ട്. വാഹനങ്ങൾ മുതൽ ചോക്ലേറ്റ് നിർമ്മാതാക്കൾ വരെ പുതിയ വിലവിവരത്തെ സംബന്ധിച്ച് പരസ്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സ്റ്റോക്കുകൾ എത്തിയാൽ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കൂ.

