അഹമ്മദാബാദ്: മഹാത്മാഗാന്ധിയോടുള്ള ആദരസുചകമായി സമ്പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തിയ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ നിയമം നിരോധിച്ച മദ്യം അനധികൃതമായി സംസ്ഥാനത്ത് ഒഴുകുന്നുവെന്ന് നിരവധി തവണ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് പരിശോധനയില്‍ കണ്ടെത്തിയ മദ്യശേഖരത്തിന്‍റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. അഞ്ച് ലക്ഷത്തിലധികം രൂപയുടെ മദ്യശേഖരമാണ് ഗുജറാത്തിലെ സ്കൂളില്‍ നിന്ന് പിടികൂടിയത്.

കുട്ടികള്‍ക്ക് പഠിക്കാനായി ഗാന്ധി സ്ഥാപിച്ച സ്കൂളിലായിരുന്നു വന്‍ മദ്യശേഖരമെന്നത് സംഭവത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. രാജ്‌കോട്ടിലെ സ്‌കൂളില്‍നിന്ന് 5.18 ലക്ഷം രൂപയുടെ മദ്യശേഖരം പൊലിസ് കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 473 വലിയ കുപ്പികള്‍, 260 ചെറിയ കുപ്പികള്‍, 16 ബിയര്‍ കെയ്സുകള്‍ എന്നിവയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.

മദ്യശേഖരം കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇയാള്‍ പൊലിസെത്തിയപ്പോള്‍ മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്. സ്‌കൂളിലെ മുന്‍ ജീവനക്കാരനാണ് മദ്യവ്യാപാരം നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. മദ്യവ്യാപാരവുമായി സ്‌കൂളിനു യാതൊരു ബന്ധവുമില്ലെന്നാണ് സ്‌കൂള്‍ ട്രസ്റ്റി ജിത്തു ഭട്ട് പറയുന്നത്.

കുട്ടികള്‍ക്ക് പഠിക്കാനായി മഹാത്മാഗാന്ധി സ്ഥാപിച്ച സ്കൂളില്‍ ഇത്തരത്തിലൊരു മദ്യവില്‍പ്പന നടന്നതില്‍ പരക്കെ വിമര്‍ശനമുയരുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ജന്‍മദേശവും അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്‍റെ ഭാഗവുമാണ് ഈ സ്കൂള്‍ എന്നത് വിമര്‍ശനങ്ങളുടെ തോത് കൂട്ടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.