അഹമ്മദാബാദ്: മകളുടെ വിവാഹ ചടങ്ങിന് പശുക്കുട്ടിയെ അറുത്ത കേസില്‍ പിതാവിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. രാജ്കോട്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സലിം മക്രാണി എന്നയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. ഭേദഗതി വരുത്തിയ ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് ശിക്ഷ. ജനുവരിയില്‍ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പശുക്കുട്ടിയെ മോഷ്ടിക്കുകയും മകളുടെ വിവാഹ ചടങ്ങിന് അറുത്ത് വിളമ്പുകയും ചെയ്തെന്നാണ് പരാതി. ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത് മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്തതിന് ശേഷമുള്ള ആദ്യ ശിക്ഷയാണ് സലിമിന്‍റേത്. പശുവിനെ കൊല്ലുന്നതിനും ഇറച്ചി സൂക്ഷിക്കുന്നതിനും പശുക്കളെ അനധികൃതമായി കടത്തുന്നതിനും നേരത്തെ മൂന്ന് വര്‍ഷമായിരുന്നു തടവ് ശിക്ഷ.

നിയമഭേദഗതി പ്രകാരം 7-10 വര്‍ഷം വരെയാണ് ശിക്ഷാകാലാവധി. നിയമപ്രകാരം പശുവിനെ കടത്താനുപയോഗിച്ച വാഹനം കണ്ടുകെട്ടുകയും ചെയ്യും.