കൂടുതൽ പേ‍ര്‍ പത്രിക നൽകാത്തതിനാൽ വോട്ടെടുപ്പ് ഇല്ലാതെയാണ് ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്. 

ദില്ലി: മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ പേ‍ര്‍ പത്രിക നൽകാത്തതിനാൽ വോട്ടെടുപ്പ് ഇല്ലാതെയാണ് ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്. 

ഹാരിസ് ബീരാന്‍ 

എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 2011 മുതല്‍ ദില്ലി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീനർ, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയാണ്. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ദില്ലി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ദില്ലി കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്. പുതുതായി ദില്ലിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതും ഹാരിസ് ബീരാനാണ്.

പിപി സുനീര്‍

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു പിപി സുനീ‍റിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസി സെക്രട്ടറിയാണ്. നിലവിൽ ഹൗസിങ് ബോര്‍ഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയിൽ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്ന സുനീർ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 

ജോസ് കെ മാണി

സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകി വിട്ടുവീഴ്ച ചെയ്തതോടെ ആണ് ജോസ് കെ മാണിക്ക് രാജ്യസഭയിലേക്ക് വാതിൽ തുറന്നത്. ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റായിരുന്നു. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എമ്മിനെ മത്സരപ്പിച്ചത്. നേരത്തെ കോട്ടയം ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ജോസ് കെ മാണി. കേരള കോൺഗ്രസ് (എം) ചെയർമാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വരുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവ‍ര്‍ത്തിച്ചു.

ഇടതുപക്ഷത്തിന്റെ വൻ തകർച്ചയ്ക്ക് കാരണം സിപിഎമ്മിന്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് കെസുരേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം