ദില്ലി: ഹർസിമ്രത് കൗർ ബാദലിന്റെ രാജിയിൽ ഉറച്ച് അകാലിദൾ. രാജി പിൻവലിക്കണമെന്ന ബിജെപിയുടെ ആവശ്യം അകാലിദൾ തള്ളി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് അകാലിദൾ മന്ത്രിയെ പിൻവലിച്ചത്. രാജി പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബില്ലുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിലും പാസാക്കുമെന്ന് ബിജെപി പറയുന്നു.

കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചാബിൽ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദൽ രാജി വച്ചത്. കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ പ്രതിഷേധം ശക്തമാണ്. സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജിയെന്നാണ് അകാലികൾ വ്യക്തമാക്കുന്നത്.

കാ‍ർഷിക രം​ഗത്ത് സമൂലമാറ്റം കൊണ്ടു വരുന്ന കാ‍ർഷിക ബിൽ രാജ്യത്തെ ക‍ർഷകർക്ക് വളരെ ​ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ നിലപാട്. കൃഷിക്കാ‍ർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബിൽ സഹായിക്കുമെന്നും കേന്ദ്രസ‍ർക്കാർ വാ​ദിക്കുന്നു. അതേസമയം അകാലിദളിൻ്റെ ശക്തികേന്ദ്രമായ പഞ്ചാബിലും ഹരിയാനയിലും ക‍ർഷകർ കടുത്ത പ്രതിഷേധമാണ് ക‍ർഷകബില്ലിനെതിരെ ഉയ‍ർത്തിയത്.

മാസങ്ങളായി തുടരുന്ന പ്രതിഷേധം കേന്ദ്രക്യാബിനറ്റ് ബിൽ പാസാക്കിയതോടെ അതിശക്തമായിരുന്നു. ഇതോടെയാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് മുഖം രക്ഷിക്കാൻ അകാലിദൾ തീരുമാനിച്ചത്. ബില്ലിന് അം​ഗീകാരം നൽകിയ കേന്ദ്രമന്ത്രിസഭായോ​ഗത്തിൽ ഹ‍ർസിമ്രത്ത് കൗ‍ർ പങ്കെടുത്തതും അവർക്കെതിരെ പഞ്ചാബിൽ വലിയ പ്രതിഷേധം സൃഷ്ടിക്കാൻ ഇടയാക്കിയിരുന്നു.