ദില്ലി: ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ഭൂല്‍ഗഡി ഗ്രാമത്തില്‍ പടയൊരുക്കം. പ്രാദേശികമായി കുടുംബത്തിനെതിരെ ഉയരുന്ന ഭീഷണിക്ക് പിന്നാലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളേയും സഹോദരങ്ങളേയും നുണ പരിശോധനക്ക് വിധേയരാക്കണമെന്ന ആവശ്യവുമായി  പ്രതികളുടെ അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഹാഥ്റസ് പെണ്‍കുട്ടിയെ പീഡിപ്പിച്ച നാല് പേര്‍ക്ക് അനുകൂലമായി മുന്‍ ബിജെപി എംഎല്‍എ രാജ് വീര്‍ സിംഗ് പഹല്‍വാനാണ് ആദ്യം രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബം നുണ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. പ്രതികളിലൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കാലങ്ങളായി വിരോധത്തില്‍ കഴിയുന്നയാളുടെ മകനുമായുള്ള പ്രണയം രക്ഷിതാക്കളെ പ്രകോപിപ്പിച്ചെന്നും, ദുരഭിമാനം മൂലം  പെണ്‍കുട്ടിയെ മർദ്ദിച്ചവശയാക്കിയെന്നുമാണ് ആരോപണം. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സമയം പ്രതികളിലൊരാള്‍ ഐസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അഭിഭാഷകര്‍ വാദിക്കുന്നു. ഇത് ദുരഭിമാനക്കൊലയാണെന്നും പെൺകുട്ടിയുടെ കുടുംബത്തിലെ എല്ലാവരെയും നുണപരിശോധനക്ക് വിധേയരാക്കണമെന്നും അഡ്വ. ശ്വേത രാജ് സിംഗ് പറഞ്ഞു.

പ്രതികള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ രോഷമുയരുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. സഹോദരന്‍റെ സുരക്ഷക്കായി കഴിഞ്ഞ ദിവസം രണ്ട് പോലീസിനെ നിയോഗിച്ചതിന് പിന്നാലെ വീടിന്‍റെ സുരക്ഷയും വര്‍ധിപ്പിച്ചു.