സെപ്റ്റംബർ 14 -ന്, ഉത്തർപ്രദേശിലെ ഹാഥ്റസിൽ വെച്ച് ഒരു സംഘമാളുകൾ ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് രാജ്യത്തെ ആകെ നടുക്കിയ സംഭവമാണ്. ആദ്യം ലോക്കൽ പൊലീസും പിന്നെ യുപി എസ്ഐടിയും അന്വേഷിച്ച കേസ് ഇപ്പോൾ സിബിഐയുടെ അന്വേഷണ പരിധിയിലാണുള്ളത്. അമ്മയോടൊപ്പം പുല്ലരിയാൻ കൃഷിയിടത്തിലേക്ക് പോയ യുവതിയെ നാലു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയാണുണ്ടായത്. യുവതിയെ കാണാഞ്ഞ് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് അടുത്തുള്ള ഒരു പറമ്പിൽ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ്, ദേഹമാസകലം പരിക്കുകളേറ്റ്, ചോരയിൽ കുളിച്ച നിലയിൽ യുവതിയുടെ ശരീരം കണ്ടുകിട്ടുന്നത്. രണ്ടാഴ്ചയോളം കോമയിൽ കിടന്ന ശേഷം യുവതി മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. 

സംഭവം നടന്ന്, മൃതദേഹം കണ്ടെടുത്ത അന്നുതൊട്ട്, യുപി പൊലീസ് കൊലപാതകം നടന്ന സ്ഥലം എന്ന നിലയ്ക്ക് കോർഡൻ ചെയ്ത് സുരക്ഷിതമാക്കി സൂക്ഷിച്ചിരിക്കുകയാണ് പ്രസ്തുത കൃഷിയിടം. മൃതദേഹം കണ്ടെടുത്ത ശേഷം സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് മൃതദേഹം കണ്ടെടുത്തതിന്റെ അടുത്തുള്ള സ്ഥലമൊന്നും തന്നെ നനയ്ക്കാനോ പിടിക്കാനോ പാടില്ല എന്ന് കർഷകനെ വിലക്കിയിരുന്നു.  ഈ കൃഷിയിടത്തിൽ താൻ ചോളം വിതച്ചിരുന്നു എന്നും, പൊലീസിന്റെ ഈ നിർദേശം കാരണം ജലസേചനം മുടങ്ങി താൻ വിതച്ച ചോളമെല്ലാം ഉണങ്ങിപ്പോയി എന്നുമാണ് കർഷകന്റെ വാദം. വർഷാ വർഷം ഈ കൃഷിയിടത്തിൽ ചോളം കൃഷി ചെയ്തു കിട്ടുന്ന ലാഭമാണ് തന്റെ ഏക ഉപജീവന മാർഗം എന്നും, ഇപ്പോൾ അത് നഷ്‌ടമായ സ്ഥിതിക്ക് തനിക്ക് ആയിനത്തിൽ 50,000 നഷ്ടപരിഹാരമായി അനുവദിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, സർക്കാരിനെ സമീപിച്ചിരിക്കുകയാണ് കർഷകൻ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കാൻ പറ്റാതിരുന്നതുകൊണ്ട് അധികം താമസിയാതെ തന്റെ കുടുംബം പട്ടിണിയിലാകും എന്നും കർഷകൻ പറയുന്നുണ്ട്. ഒപ്പം, കാർഷിക ലോൺ ആയി എടുത്ത ഒന്നര ലക്ഷത്തിന്റെ തിരിച്ചടവും ഇനി അസാധ്യമാണ് എന്നും അദ്ദേഹം പറയുന്നു. ഖരീഫ് വിളയായ ചോളം സെപ്റ്റംബർ ഒക്ടോബർ മാസത്തിലാണ് കൃഷി ചെയ്യാറ് എന്നും തനിക്ക് ആ അവസരം നഷ്ടപ്പെട്ടതിന്റെ കാരണം ഈ സംഭവവും, അതേത്തുടർന്ന് യുപി പൊലീസ് ഏർപ്പെടുത്തിയ കൃഷി ജലസേചന നിരോധനവും ആണെന്നും ഈ കർഷകൻ ആരോപിക്കുന്നു. പരാതിയെപ്പറ്റി അന്വേഷിക്കും എന്നും വേണ്ട നടപടി സ്വീകരിക്കും എന്നും ഹാഥ്റസ് എസ്പി വിനീത് ജയ്‌സ്വാൾ പറഞ്ഞു.