Asianet News MalayalamAsianet News Malayalam

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കും ?

നിയമസഭ പിരിച്ചു വിടാനുള്ള ശുപാര്‍ശ കുമാരസ്വാമി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കും 

hd kumaraswamy Government likely to resign tomorrow
Author
Bengaluru, First Published Jul 10, 2019, 10:15 PM IST

ബെംഗളൂരു: ഒരാഴ്ച നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. രാജിവയ്ക്കുന്നതിന് മുന്നോടിയായി നാളെ രാവില പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും എന്നാണ് സൂചന. മുഖ്യമന്ത്രി നാളെ ഗവര്‍ണറെ കണ്ട് കത്തു നല്‍കുമെന്നും അതല്ലെങ്കില്‍ മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം  രാജിവച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. 

ഒരു തരത്തിലും വിമതരെ അനുനയിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജി തീരുമാനത്തിലേക്ക് കോണ്‍ഗ്രസും ജെഡിഎസും എത്തിയത് എന്നാണ് സൂചന. നിലവിലെ വിമത എംഎല്‍എമാര്‍ക്ക് പുറമെ ഇന്ന് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെയാണ് നിലവിലെ അനിശ്ചിതാവസ്ഥ ഇനിയും തുടരേണ്ട എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയത്. 

ബെംഗളൂരുവിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നീ നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി. ഈ അവസ്ഥയില്‍ ഇനിയും മുന്നോട്ട് പോയിട്ട് എന്താണ് കാര്യമെന്ന് ഗുലാം നബി ആസാദ് മുതിര്‍ന്ന നേതാക്കളോട് ചോദിച്ചതായാണ് പുറത്തു വരുന്ന വിവരം.

കെസി വേണുഗോപാല്‍, ദിനേശ് ഗുണ്ട്റാവു തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. മുതിര്‍ന്ന നേതാക്കളുടെ കൂടിയാലോചനകള്‍ക്ക് ശേഷം മുഖ്യന്ത്രിയുടെ ഓഫീസാണ് നാളെ രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിസഭായോഗം ചേരുന്ന കാര്യം അറിയിച്ചത്. നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നേരിടുന്നതാണ് നല്ലതെന്ന വികാരമാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കും എന്ന അഭ്യൂഹങ്ങളും ഉടനടി തീരുമാനമെടുക്കുന്നതിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ നയിച്ചെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios