ദില്ലി: കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോക്ടർ ഹർഷവർധന്റെ ഓഫീസ് ​ഗാർഡിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ദില്ലി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിനാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ ക്വാറന്റൈനിലാക്കുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. ഓഫീസ് ജീവനക്കാരോട് സ്വയം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ഓഫീസ് അണുവിമുക്തമാക്കുകയും ചെയ്തു. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

എംയിംസിന്റെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാന്‍സര്‍ സെന്റര്‍ ആശുപത്രിയിലെ നേഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചതായി എംയിംസ് അധികൃതര്‍ അറിയിച്ചു. ഇവിടുത്തെ ഡേകെയറിൽ സെന്റർ സേവനം ഉപയോ​ഗപ്പെടുത്തിയിരുന്ന നേഴ്‌സിന്റെ രണ്ട് കുട്ടികള്‍ക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച തന്നെ ഇവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

സെക്യൂരിറ്റി ഗാര്‍ഡുമായും നഴ്‌സുമായും ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരും സ്വയം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാൻസർ സെന്ററിൽ കീമോതെറാപ്പി ചെയ്യാൻ എത്തിയ വ്യക്തികളോടും നഴ്സുമാരുമായി സമ്പർക്കം പുലർത്തിയ ആരോ​ഗ്യപ്രവർത്തകരോടും സ്വയം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എയിംസിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 70ഓളം ആളുകൾക്ക് ക്വാറന്റൈൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.