അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യമന്ത്രാലയം അധികൃതരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. 

ദില്ലി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇത്തരം ഒരു നിലപാട് അറിയിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന നിലപാടാണ് മന്ത്രാലയത്തിന്റേതെന്ന റിപ്പോർട്ടുകൾ സത്യവിരുദ്ധമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. മഹാമാരിക്കിടെ വ്യാജ പ്രചാരണം നടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വിമർശിച്ചു.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യമന്ത്രാലയം അധികൃതരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആരോഗ്യമന്ത്രാലയം പച്ചക്കൊടി കാണിച്ചെന്ന തരത്തിൽ ചില ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം രംഗത്ത് എത്തിയത്. 

അതിനിടെ ഒമിക്രോൺ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ പുതുക്കി. നോൺ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. നേരത്തെ ഇവർക്ക് നിരീക്ഷണം മാത്രമായിരുന്നു. ഒമിക്രോൺ രൂക്ഷമായ രാജ്യത്ത് നിന്ന് എത്തുന്നവർ ക്വാറന്റീന് ശേഷം റിസൾട്ട് നെഗറ്റീവ് ആയാൽ ഫലം സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇവർ അടുത്ത 7 ദിവസം സ്വയം നിരീക്ഷമത്തിൽ കഴിയണം. 5 വയസ്സിൽ താഴെയുള്ള കുട്ടികൾ ലക്ഷണം പ്രകടിപ്പിച്ചാൽ മാത്രം പരിശോധിക്കും. ജനുവരി 11 മുതലാണ് പുതിയ മാർഗ്ഗ നിർദേശങ്ങൾ നടപ്പിലാക്കുക