ചെന്നൈ: തമിഴ്‍നാട്ടില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരമേഖലയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാൽ ചെന്നൈയിൽ ഉൾപ്പടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. 

വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാൽ നഗര മേഖലയിൽ ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മഴക്കെടുതിയിൽ 17 പേർ മരിച്ച മേട്ടുപ്പാളയം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സന്ദർശിക്കും. തഞ്ചാവൂരിലും നീലഗിരിയിലും ഉൾപ്പെടെ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. കേന്ദ്ര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഉടൻ കേന്ദ്രത്തിന് നിവേദനം നൽകും.