ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധ മലയാളി വിദ്യാര്‍ത്ഥിക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ വേണം ഇനിയുള്ള ദിവസങ്ങളില്‍ മുമ്പോട്ടു പോകാന്‍. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലര്‍ത്തുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. 

പനി, ജലദോഷം , ചുമ , തൊണ്ടവേദന , ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. കൊറോണ വൈറസ് ബാധ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും സഹായത്തിനുമായി കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ ഹെല്‍‍‍‍‍പ്പ്‍‍‍‍‍ലൈന്‍‍ നമ്പരായ 91-11-23978046 ല്‍ ബന്ധപ്പെടുക. സംശയങ്ങള്‍ ചോദിക്കുന്നതിനും സഹായങ്ങള്‍ ആവശ്യപ്പെടുന്നതിനും യാതൊരു കാലതാമസവും കൂടാതെ ഈ നമ്പര്‍ ഉപയോഗിക്കാം. 

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.

Read More: കൊറോണ കേരളത്തിലും; വൈറസ് ബാധ എങ്ങനെ തിരിച്ചറിയാം?

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പു വരുത്തുന്നത്. PCR , NAAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ.