ദില്ലി: പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി ചൂലുമായി ഇറങ്ങി ബിജെപി എംപിമാരും കേന്ദ്രമന്ത്രിയും. നടിയും ബിജെപി എംപിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തുടങ്ങിയവരാണ് പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കാനിറങ്ങിയത്. 

സ്വച്ഛ് ഭാരത് അഭിയാന്‍റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശപ്രകാരമാണ്  മഥുര എംപി ഹേമമാലിനിയടക്കമുളളവര്‍ ശുചീകരണത്തിനെത്തിയത്. നമ്മുടെയും വരുന്ന തലമുറയുടെയും നന്മയ്ക്ക് ഇന്ത്യയെ വൃത്തിയായും മനോഹരമായും സൂക്ഷിക്കേണ്ടതുണ്ടെന്ന് അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തു. 

ഇന്ത്യയെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. 2014ലാണ് പദ്ധതി ആരംഭിച്ചത്. 2019 ഒക്ടോബര്‍ 2 - നുള്ളില്‍  9 കോടി ശൗചാലയം നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്.