നിരോധനം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത പറഞ്ഞു. ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നാണ് ഹർജിയിലുള്ളത്.
ദില്ലി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് (Hijab) നിരോധിച്ച കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ (Karnataka High Court verdict) സമസ്ത സുപ്രീംകോടതിയിൽ ഹർജി നൽകി. നിരോധനം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത പറഞ്ഞു. ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നാണ് ഹർജിയിലുള്ളത്. സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് ഹർജിക്കാരൻ. അഡ്വ സുൽഫിക്കറലിയാണ് അഭിഭാഷകൻ.
മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുഖവും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25 ആം അനുച്ഛേദം നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലവരെയും ഉൾക്കൊള്ളുക എന്ന നയത്തിനും എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപെടുത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും സമസ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂണിഫോമിന് മുകളിൽ അതെ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ മുസ്ലിം പെൺകുട്ടികളെ അനുവദിക്കണമെന്നാണ് അഭിഭാഷകൻ സുൽഫിക്കർ അലി പി എസ് മുഖേനെ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പതിനൊന്ന് ദിവസം വാദം, ഒടുവിൽ ഹൈക്കോടതി വിധി
നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നാണ് കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചത്. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഹിജാബ് മതാചാരത്തിന്‍റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നടക്കം സര്‍ക്കാര്‍ വാദിച്ചിരുന്നു. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടി ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
വിവാദങ്ങളുടെ തുടക്കം
ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ ഹിജാബ് അനുവദിക്കേണ്ടതില്ല എന്നായിരുന്നു സമിതി ശുപാര്‍ശ. പിന്നാലെ ഫെബ്രുവരി 5-ന് മതാചാര വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നു.
ഹിജാബ് വിധി ഇങ്ങനെ:
ഹിജാബ് നിർബന്ധിത മതാചാരമല്ല
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടം
യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ല
യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല
വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം വിലക്കിയ ഉത്തരവ് ശരി
കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല
കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ നിലനിൽക്കില്ല
