പ്രതിസന്ധികൾക്കിടയിലും തന്റെ വിദ്യാഭ്യാസത്തിന് വേണ്ടി പരിശ്രമിച്ച മാതാപിതാക്കളാണ് ഈ വിജയത്തിന് പിന്നിലെന്ന് ഭാരതി പറയുന്നു.

ഇൻഡോർ: റോഡ് വക്കിലെ നടപ്പാതയിലെ വെളിച്ചത്തിലിരുന്ന് പഠിച്ച് പത്താം ക്ലാസിൽ മിന്നും വിജയം നേടി വിദ്യാർത്ഥിനി. ഇൻഡോറിലെ ദിവസ വേതന തൊഴിലാളികളുടെ മകളായ ഭാരതി ഖണ്ടേക്കർ ആണ് തന്റെ ഇല്ലായ്മയിൽ നിന്ന് പത്താം ക്ലാസിൽ ഫസ്റ്റ്ക്ലാസിൽ പാസായത്.

രണ്ട് സഹോദരന്മാർക്കും രക്ഷിതാക്കൾക്കുമൊപ്പം നടപ്പാതയിലാണ് ഭാരതിയുടെ ജീവിതം. പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടിയതോടെ ഭാരതിയെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങി. ഇതോടെ സഹായവുമായി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരും രംഗത്തെത്തി. എല്ലാ സംവിധാനങ്ങളുമുള്ള ഫ്ലാറ്റാണ് ഇവർ ഭാരതിക്ക് നൽകിയത്.

പത്താം ക്ലാസിൽ 68 ശതമാനം മാർക്കാണ് പ്രതിസന്ധികളോട് പോരടിച്ച് ഭാരതി നേടിയത്. വീട് നൽകുക മാത്രമല്ല, ഭാരതിയുടെ തുടർ വിദ്യാഭ്യാസം സൗജന്യമാക്കുക കൂടി ചെയ്തു അധികൃതർ. പഠിച്ച് ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നാണ് ഭാരതിയുടെ ആഗ്രഹം. പ്രതിസന്ധികൾക്കിടയിലും തന്റെ വിദ്യാഭ്യാസത്തിന് വേണ്ടി പരിശ്രമിച്ച മാതാപിതാക്കളാണ് ഈ വിജയത്തിന് പിന്നിലെന്ന് ഭാരതി പറയുന്നു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമാണ് ഒറ്റ മുറി ഫ്ലാറ്റ് ഭാരതിക്കും കുടുംബത്തിനും അധികൃതർ നൽകിയത്. വാർത്ത പുറത്തു വന്നതോടെ ഭാരതിക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഭാരതി വീടിന്റെ ഐശ്വര്യമാണെന്നും അവളില്‍ വലിയ പ്രതീക്ഷകളുണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു.

Scroll to load tweet…