ജയ്‍പുര്‍: വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടതിനാല്‍ ഹോട്ടല്‍ മുറി നിഷേധിച്ചതായി പരാതി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. റൂം നേരത്തെ ബുക്ക് ചെയ്ത ഹോട്ടലില്‍ വന്നശേഷം മുസ്ലീമായ പുരുഷനും ഹിന്ദുവായ സ്ത്രീ സുഹൃത്തിനും ഒന്നിച്ച് തങ്ങാനാവില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചെന്നാണ് പരാതിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജയ്‍പുരിലെ ഓയോ സില്‍വര്‍ കീ എന്ന ഹോട്ടലാണ് അസിസ്റ്റന്‍റ് പ്രഫസര്‍ക്കും സ്ത്രീ സുഹൃത്തിനും മുറി നിഷേധിച്ചത്. ലോക്കല്‍ പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മുറി നല്‍കാത്തതെന്ന് ഹോട്ടലുകാര്‍ പറഞ്ഞതായും പരാതിയിലുണ്ട്. എന്നാല്‍, ഇത് എഴുതി നല്‍കാന്‍ അവര്‍ തയാറായതുമില്ല.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടതിനാല്‍ ഒരുമിച്ച് തങ്ങാനാവില്ല. ഇത് ഹോട്ടലിന്‍റെ നിയമമാണ്. പൊലീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നുമാണ് ഹോട്ടല്‍ മാനേജര്‍ ഗോവര്‍ധന്‍ സിംഗ് പറ‍ഞ്ഞത്. എന്നാല്‍, വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ഓയോ പ്രതികരിച്ചു. മോശമായ അനുഭവമുണ്ടായതില്‍ കസ്റ്റമറിനോട് ക്ഷമചോദിക്കുന്നുവെന്നും ഓയോ അറിയിച്ചു.