Asianet News MalayalamAsianet News Malayalam

ഇന്ത്യാ മുന്നണി ദുര്‍ബലമോ? 10 പാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ ആളില്ല, രണ്ടക്കമുള്ളത് നാലേ നാല് കൂട്ടര്‍ക്ക്

2019ലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543ല്‍ 353 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തുടര്‍ച്ച നേടിയത്

How many seats INDIA Alliance have in current Lok Sabha jje
Author
First Published Sep 12, 2023, 1:12 PM IST

ദില്ലി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ ഇലക്ഷന്‍ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച 'ഇന്ത്യാ മുന്നണി'യുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബലാബലത്തിന് ഇറങ്ങുന്നത്. ഇന്ത്യാ മുന്നണിയില്‍ 26 പാര്‍ട്ടികളുണ്ടെങ്കിലും പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിച്ച നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെതിരെ ഗോദയില്‍ ഏറ്റുമുട്ടാനുള്ള കരുത്ത് നിലവില്‍ ഈ സഖ്യത്തിനുണ്ടോ? ലോക്‌സഭയില്‍ ഇന്ത്യാ മുന്നണിയുടെ നിലവിലെ ബലം പരിശോധിക്കാം. 

2019ലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543ല്‍ 353 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തുടര്‍ച്ച നേടിയത്. ഇതില്‍ 303 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. കോണ്‍ഗ്രസ് 52 സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ യുപിഎ സഖ്യം മൂന്നക്കം തികച്ചില്ല. വെറും 91 സീറ്റുകളെ അവര്‍ക്ക് നേടാനായുള്ളൂ. പുതുതായി രൂപീകരിച്ച ഇന്ത്യാ മുന്നണിയില്‍ 50 സീറ്റുകളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ലോക്‌സഭയില്‍ കൂടുതല്‍ എംപിമാരുള്ള പ്രതിപക്ഷ പാര്‍ട്ടി. രണ്ടാമതുള്ള ഡിഎംകെയ്‌ക്ക് 24 ഉം മൂന്നാമതുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 23 ഉം നാലാമതുള്ള ജെഡിയുവിന് 16 ഉം എംപിമാര്‍ കഴിഞ്ഞാല്‍ പിന്നെയെല്ലാം ഒറ്റയക്കമാണ്. ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് ആറും എന്‍സിപിക്ക് നാലും സിപിഎമ്മിനും എസ്‌പിക്കും ഐയുഎംഎല്ലിനും ജമ്മു ആന്‍ഡ് കശ്‌മീര്‍ നാഷണല്‍ കോണ്‍ഫറസിനും മൂന്ന് വീതവും സിപിഐയ്ക്കും വിടുതലൈ ചിരുതൈകള്‍ കച്ചിക്കും രണ്ട് വീതവും എഎപിക്കും ഝാർഖണ്ഡ്‌ മുക്തി മോർച്ചയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനും ആര്‍എസ്‌പിക്കും ഒന്ന് വീതവും എംപിയുമാണ് ലോക്‌സഭയിലുള്ളത്. 

ആര്‍ജെഡി, ആര്‍എല്‍ഡി, എംഡിഎംകെ, സിപിഐ(എംഎല്‍) എല്‍, കേരള കോണ്‍ഗ്രസ്, അപ്നാ ദൾ(കാമറവാദി), ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, എംഎംകെ, കെഎംഡികെ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നിലവില്‍ ലോക്‌സഭയില്‍ ഒരംഗം പോലുമില്ല. ഇന്ത്യാ മുന്നണിയിലെ 26 പാര്‍ട്ടികളുടേയും കൂടി ലോക്‌സഭയില്‍ നിലവിലെ ആകെ അംഗബലം 142 ആണ്. ഇതിലെ വലിയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 2024 തെര‌ഞ്ഞെടുപ്പില്‍ സീറ്റ് നേട്ടം മൂന്നക്കം കടത്താതെ ഇന്ത്യാ മുന്നണിക്ക് മുന്നോട്ടുപോകാനാകില്ല എന്ന് വ്യക്തം. നിലവിലെ 26 പാര്‍ട്ടികള്‍ക്ക് പുറമെ കൂടുതല്‍ കക്ഷികളും ഇന്ത്യാ മുന്നണിയിലേക്ക് വരാനിടയുള്ള സാഹചര്യത്തില്‍ സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചൊലുത്തും. 

Read more: കരുത്തുകൂട്ടാന്‍ ഇന്ത്യാ മുന്നണി; കൂടുതല്‍ പാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ ശ്രമം, സെപ്റ്റംബര്‍ 25 നിര്‍ണായകം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios