മഹാരാഷ്ട്രയിലെ നാന്ദേഡിൽ ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ദേശീയപാതയിലെ ഫ്ലൈ ഓവറിന്റെ ഒരു ഭാഗം തകർന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ ഭൂചലനമാണ് തകർച്ചയ്ക്ക് കാരണമെന്ന കോൺട്രാക്ടറുടെ വിചിത്ര വാദത്തിനിടെ, അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മുംബൈ: മഹാരാഷ്ട്ര നാന്ദേഡിൽ ദേശീയപാത തകർന്നു. നാന്ദേഡ്-ലാത്തൂർ ഹൈവേയിലെ ഫ്ലൈഓവറിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. പുലർച്ചെ ഉണ്ടായ ഭൂചലനമാണ് തകർച്ചയ്ക്ക് കാരണമെന്ന് കോൺട്രാക്ടർ പറയുന്നു. എന്നാൽ രാവിലെ 10 മണിയോടെ ഹൈവേ തകർന്നത്. ഒരു വർഷം മുൻപാണ് നിർമ്മാണം പൂർത്തിയായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. നന്ദേഡിന് സമീപത്തെ വിഷ്ണുപുരിക്ക് സമീപം തിരക്കേറിയ ഭാഗത്താണ് ദേശീയപാത തകർന്നത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. അധികൃതർ രക്ഷാപ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണ പ്രവർത്തനങ്ങളും ആരംഭിച്ചതോടെ നിരവധി യാത്രക്കാർ കുടുങ്ങി. പോലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി.
സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് ഉദ്യോഗസ്ഥരും തുടർന്ന് ദുരന്തനിവാരണ സംഘങ്ങളും സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി. പാലം തകർച്ചയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ, ഗതാഗത തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്നും ഹൈവേയുടെ ബാധിത ഭാഗങ്ങളിൽ വഴിതിരിച്ചുവിടലുകൾ ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ യാത്രക്കാരോട് നിർദ്ദേശിച്ചു.
