ചെന്നൈ: സാമൂഹിക പരിഷ്കര്‍ത്താവ് പെരിയാറിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരില്‍ രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ ആഹ്വാനം. ബിജെപിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമമാണ് രജനികാന്ത് നടത്തുന്നതെന്ന് തമിഴ് സംഘടനകള്‍ ആരോപിച്ചു.

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ശക്തമായ വിമര്‍ശകരാണ് തമിഴ് വാരികയായ തുഗ്ലക്ക്. തുഗ്ലക്കിന്‍റെ അമ്പതാം വാര്‍ഷികാഷോഘ ചടങ്ങിലെ താരത്തിന്‍റെ പ്രസ്താവന പുതിയ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറന്നിരിക്കുയാണ്. അന്ധവിശ്വാസങ്ങൾക്കെതിരെ 1971ൽ പെരിയാർ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നും ചെരുപ്പുമാല അണിയിച്ചെന്നുമായിരുന്നു പ്രസ്താവന.

ഈ വാർത്ത അന്ന് നൽകാൻ തയാറായത് തുഗ്ലക്ക് വാരിക മാത്രമെന്നായിരുന്നു പ്രസംഗം. ദ്രാവിഡ പാര്‍ട്ടിയെങ്കിലും അണ്ണാ ഡിഎംകെയോട് നീരസമില്ലാതെയാണ് എക്കാലത്തും തുഗ്ലക്ക് ലേഖനങ്ങള്‍. അണ്ണാ ഡിഎംകെ അണികളെ ലക്ഷ്യമിട്ട് ശക്തമായ ഡിഎംകെ വിരുദ്ധ ആശയമാണ് താരം ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ബിജെപിയുമായി നേരിട്ട് ബന്ധത്തിന് രജനികാന്ത് തയാറല്ല. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നുള്ള രാഷ്ട്രീയ ലൈന്‍ പ്രഖ്യാപിക്കുകയാണ് താരം. രജനികാന്തിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയത് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു. ആത്മീയ രാഷ്ട്രീയമാണ് തന്‍റെ പാതയെന്ന് രജനികാന്ത് മുന്‍പേ വ്യക്തമാക്കിയതാണ്. പെരിയോറിനെ കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനികാന്ത് നടത്തുന്നതെന്ന് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെഎസ് അഴഗിരി തുറന്നടിച്ചിരുന്നു.

രജനികാന്തിനെ ബിജെപി  പിന്തുണച്ചതിന് പിന്നാലെയാണ് പരസ്യവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. പെരിയാറിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന രജനികാന്ത്, പൗരത്വനിയമ ഭേദഗതിയിൽ സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് കാർത്തി ചിദംബരവും ചോദിച്ചു. എന്നാൽ, പ്രതിഷേധം കനക്കുമ്പോഴും മാപ്പ് പറയില്ലെന്ന നിലപാടിലാണ് താരം.