ദില്ലി: ഉത്തർപ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് അയച്ചു. അന്വേഷിച്ച് നാല് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ഇതുവരെ  നൂറിനടുത്ത് മൃതദേഹങ്ങളാണ് ഗംഗ നദിയിൽ നിന്ന് കണ്ടെത്തിയത്.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് ഇരുസംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 

നൂറിനടുത്ത് മൃതദേഹങ്ങൾ ഗംഗയിൽ നിന്ന് കണ്ടെത്തിയതോടെ ഇരുസംസ്ഥാനങ്ങൾക്കിടയിലെ പോര് രൂക്ഷമാകുകയാണ്. ഉത്തർപ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിട്ടതെന്നാണ് ബീഹാറിന്റെ ആരോപണം. എന്നാൽ ഗാസിപ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതിന്റെ ഉത്തരവാദിത്വം മാത്രമേ യുപി സർക്കാരിനുള്ളു എന്നും ബീഹാറിലെ വിഷയത്തിൽ അവിടുത്തെ സർക്കാർ അന്വേഷണം നടത്തണമെന്നും യുപി പൊലീസ് എഡിജി പ്രശാന്ത് കുമാർ പ്രതികരിച്ചു. സംഭവം വലിയ വിവാദമായതോടെ ഇരുസംസ്ഥാനങ്ങൾക്കുമെതിരെ കേന്ദ്രം രംഗത്തെത്തി. ഗംഗാ നദി ശൂചീകരിക്കാനുള്ള നടപടികളുമായി  സർക്കാർ മുന്നോട്ട് പോകുന്നതിനിടെ ഇത്തരം സംഭവങ്ങൾ ഭൗർഭാഗ്യകരമാണെന്നാണ് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങിന്റെ പ്രതികരണം. 


എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona