മാർച്ച് 11നാണ് മനോഹർ രമണിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിച്ച രക്തം കുത്തി വെച്ചത്. സംഭവത്തിന് ശേഷം യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ പകയിൽ യുവതിയോട് യുവാവിന്‍റെ കൊടും ക്രൂരത. എച്ചഐവി ബാധിച്ച രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെച്ച് പ്രതികാരം തീർത്തു. മനം നൊന്ത് യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് രമണിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 11നാണ് മനോഹർ രമണിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിച്ച രക്തം കുത്തി വെച്ചത്. സംഭവത്തിന് ശേഷം യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മനോഹരും രമണിയും തമ്മിലുള്ള വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു. മനോഹർ രമണിയോട് വിവാഹ അഭ്യർത്ഥനയും നടത്തിയിരുന്നു. എന്നാൽ യുവതി താൽപ്പര്യമില്ലെന്ന് പറഞ്ഞു. ഇതിന്‍റെ പകയിലാണ് മാർച്ച് 11ന് പ്രതി രമണിയുടെ വീട്ടിൽ അതിക്രമിച്ച് കയറി എച്ച്ഐവി ബാധിത രക്തം കുത്തി വെച്ചത്.

മനോഹറിന്‍റെ മാതാപിതാക്കൾ എച്ച്ഐവി രോഗബാധിതരായിരുന്നു. അതിനാൽ വിവാഹത്തിന് മുമ്പ് മനോഹരിന്‍റെ രക്ത പരിശോധന നടത്തണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറിൽ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കി, ഇയാൾക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തിൽ നിന്നു പിന്മാറിയത്. യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണം ഉണ്ടാക്കിയ മാനസിക ആഘാതമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)