ദില്ലി: തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്‍റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല.  നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രില്‍സ് ആണ്.  വലിയ റാലികളില്‍ പങ്കെടുക്കുന്നതിന് മുമ്പ് താങ്കള്‍ക്ക്  പേടിയുണ്ടാകാറില്ലേയെന്ന ഗ്രില്‍സിന്‍റെ ചോദ്യങ്ങള്‍ക്കായിരുന്നു മോദിയുടെ മറുപടി. 

മോദി ഷോയില്‍ വളരെ നല്ല രീതിയില്‍ പങ്കെടുത്തുവെന്നായിരുന്നു ബെയര്‍ ഗ്രില്‍സിന്‍റെ പ്രതികരണം. വികസനത്തിലൂന്നിയുള്ള തന്‍റെ പ്രയത്നത്തിനിടയില്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടെ വിശ്രമമില്ലായിരുന്നു. ആ നീണ്ട 18 വര്‍ഷത്തിന് ശേഷമാണ് താന്‍ ഇങ്ങനെയൊരു വെക്കേഷന്‍ ആഘോഷിക്കുന്നതെന്നും മോദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും ജനപ്രിയ സര്‍വെവ് പരമ്പരയായ  മാന്‍ വെര്‍സസ് വൈല്‍ഡ് 2006ലാണ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്‍റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. ഇത്തവണ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതായിരുന്നു എപ്പിസോഡിന്‍റെ തീം.