പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് തിരികെ പിടിക്കേണ്ടതുണ്ടെന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയെ ഒരു വീടായും പാക് അധിനിവേശ കശ്മീരിനെ അപരിചിതർ കയ്യേറിയ മുറിയായും ഉപമിച്ച മോഹൻ ഭാഗവത്

ദില്ലി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും തിരികെ ഇന്ത്യയിലേക്ക് ചേർക്കേണ്ടതുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയെ ഒരു വീടായി കരുതുകയാണെങ്കിൽ പാക് അധിനിവേശ കശ്മീർ ആ വീട്ടിലെ ഒരു മുറിയാണ്. അവിടെ ചില അപരിചിതർ കയറിയിരിക്കുന്നു. ആ മുറി തിരികെ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ആർഎസ്എസ് മേധാവിയുടെ പരാമർശം. പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളെക്കുറിച്ചും അവിഭക്ത ഭാരതം എന്ന വിഷയത്തെക്കുറിച്ചും സംസാരിക്കവേയാണ് പാക് അധീന കശ്മീരിനെ അദ്ദേഹം വീടിന്റെ ഒരു മുറിയോട് ഉപമിച്ചത്.

'സിന്ധി സഹോദരങ്ങൾ പലരും ഇവിടെയുണ്ട്. അവർ പാകിസ്ഥാനിലേക്ക് പോയവരല്ല, അവർ അവിഭക്ത ഭാരതത്തിലേക്കാണെത്തിയത്. ചില സാഹചര്യങ്ങൾ കാരണം നമ്മൾക്ക് ഇന്നത്തെ ഇന്ത്യയെന്ന വീട്ടിലേക്ക് എത്തേണ്ടതായി വന്നു. കാരണം ഈ വീടും ആ വീടും വ്യത്യസ്തമല്ല.. സാഹചര്യങ്ങളാണ് നമ്മളെ ഇന്നത്തെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഇന്ത്യ ഒരു വീടാണ്. എന്നാൽ ആരോ നമ്മുടെ വീട്ടിലെ ഒരു മുറി എടുത്തുമാറ്റിയിരിക്കുന്നു.

അവിടെ എൻ്റെ മേശയും കസേരയും വസ്ത്രങ്ങളും എല്ലാം സൂക്ഷിച്ചിരുന്നതാണ്. അവർ അത് കയ്യേറിയിരിക്കുകയാണ്, തിരികെ പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് അധീന കശ്മീരിലെ പാക് നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടക്കുന്ന വേളയിലാണ് ആർ എസ് എസ് മേധാവിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ 10 പേരാണ് പാക് അധീന കശ്മീരിൽ പാക് സൈനിക നടപടിയിൽ കൊല്ലപ്പെട്ടത്.