ദില്ലി: റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും. ഉച്ചയോടെ, അംബാലയിലെ വ്യോമതാവളത്തിൽ വിമാനങ്ങൾ എത്തുമെന്നാണ് സേന വൃത്തങ്ങൾ അറിയിച്ചത്. പോർ വിമാനങ്ങളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അംബാല വ്യോമതാവളത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിൽ 144 പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടരുതെന്നാണ് നിർദ്ദേശം. പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗർ വഴി വിമാനങ്ങൾ ഹരിയാനയിൽ എത്തിച്ചേരും.

ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും. പതിനേഴ് ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ഹർക്രിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറത്തുന്നത്. 

ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കാവലാകാനാണ് റഫാൽ എത്തുന്നത്. ഉച്ചയോടെ വിമാനങ്ങൾ അംബാലയിൽ എത്തുമെന്നാണ് വ്യോമസേന വൃത്തങ്ങൾ അറിയിക്കുന്നത്. അബുദാബിയിലെ അൽദഫ്ര വ്യോമത്താവളത്തിൽ നിന്നും 2700 കിലോമീറ്റർ യാത്ര ചെയ്താണ് വിമാനങ്ങൾ ഇന്ത്യയിൽ എത്തുന്നത്. അഞ്ച് വിമാനങ്ങളുടെ ബാച്ചിൽ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്.

വ്യോമസേന മേധാവി എയർ മാർഷൽ ആർ കെ എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നൽകിയത്. അതേസമയം, അംബാലയിൽ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്താണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.