സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉന്നാവ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ലഖ്‌നൗ: ജനം നോക്കി നില്‍ക്കെ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് ഐഎഎസ് ഓഫിസര്‍. ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഉന്നാവ് ചീഫ് ഡെവലപ്‌മെന്റ് ഓഫിസര്‍ ദിവ്യാന്‍ഷു പട്ടേലാണ് ടെലിവിഷന്‍ റിപ്പോര്‍ട്ടറെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കൗണ്‍സില്‍ അംഗങ്ങളെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതെ തട്ടിക്കൊണ്ടു പോകുന്നത് ക്യാമറയിലാക്കാന്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചതാണ് ഐഎഎസ് ഓഫിസറെ ചൊടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉന്നാവ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല. 

Scroll to load tweet…

ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം അവകാശപ്പെട്ട് ബിജെപി രംഗത്തെത്തിയപ്പോള്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. പലയിടത്തും കൗണ്‍സിലര്‍മാരെ വോട്ടെടുപ്പിന് അനുവദിച്ചില്ലെന്ന് പരാതിയുയര്‍ന്നു. 635 സീറ്റില്‍ ബിജെപി വിജയിച്ചെന്നും അന്തിമ ഫലം വരുമ്പോള്‍ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona