ദില്ലി: കൊവിഡ് 19നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്ത് ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച  'വൈറ്റ് അലേര്‍ട്ട്' പ്രതിഷേധം ഐഎംഎ ഉപേക്ഷിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ പ്രത്യേക ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം ഒഴിവാക്കാന്‍ ഐഎംഎ തീരുമാനിച്ചത്.

രാജ്യത്തെ പ്രത്യേക അവസ്ഥയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായും ഡോക്ടര്‍മാരുമായും അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു. കൊവിഡ് 19നെ നേരിടുന്ന അവരുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചത് കൂടാതെ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അവരോടൊപ്പമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് പ്രതിഷേധം ഒഴിവാക്കാന്‍ ഐഎംഎ തീരുമാനിച്ചത്. നേരത്തെ, കൊവിഡിനെ നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രാജ്യത്ത് ഒരുപാട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചവുമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നത്. ആശുപത്രികളിലും വീടുകളിലും മെഴുകുതിരി കത്തിച്ച് 'വൈറ്റ് അലേര്‍ട്ട്' എന്ന പേരില്‍ പ്രതിഷേധം അറിയിക്കാനായിരുന്നു ഐഎംഎയുടെ ആഹ്വാനം.

ഇന്ന് രാത്രി ഒമ്പത് മണിക്കായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ചെന്നൈയിൽ ഡോക്ടറുടെ മൃതദേഹത്തോട് കാണിച്ച അനാദരവിലും പ്രതിഷേധം അറിയിക്കാനായിരുന്നു തീരുമാനം. അമിത് ഷായുടെ അഭ്യര്‍ത്ഥന മാനിച്ചും സുരക്ഷ ഉറപ്പാക്കാൻ നടപടികൾ കർശനമാക്കുമെന്ന ഉറപ്പ് ലഭിച്ച സാഹചര്യത്തിലുമാണ് ഈ പ്രതിഷേധം ഐഎംഎ പിന്‍വലിച്ചത്. ആരോഗ്യമന്ത്രി ഹർഷ വർധനും ചര്‍ച്ചയില്‍ പങ്കെടുത്തു.

'സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ട്'; ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി അമിത് ഷാ