ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ അമേത്തിയില്‍ നിന്നെത്തിയ യുവതിയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ്, എഐഎംഐഎം നേതാക്കളുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ലഖ്‌നൗ എസ്പി സുജീത് പാണ്ഡെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അനൂപ് പട്ടേല്‍, എഐഎംഐഎം നേതാവ് ഖാദിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.

മുഖ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ലോക്ഭവന്റെ മൂന്നാം ഗേറ്റിന് മുന്നിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍ ചിലരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൊതു അഴുക്കുചാലിനെച്ചൊല്ലി അയല്‍വാസിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചാണ് യുവതിയുടെ ആത്മഹത്യ ശ്രമം. യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതിരുന്ന എസ്‌ഐയടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. 

യുവതിയുടെ ആത്മഹത്യ ശ്രമത്തിന് മുമ്പ് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതായി പൊലീസ് പറയുന്നു. ആത്മഹത്യ ശ്രമത്തിന് മുമ്പ് യുവതി കോണ്‍ഗ്രസ് ഓഫീസില്‍ പോയതായും പൊലീസ് വ്യക്തമാക്കി. സര്‍ക്കാറിന്റെ പ്രതിച്ഛായ മോശമാക്കാനാണ് ഇവര്‍ ഗൂഢാലോചന നടത്തി യുവതിയെയും മകളെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. എഐഎംഐഎം നേതാവിനെയും യുവതിയുടെ ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.