ഫിറോസാബാദ്: മാസ്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങുന്നവർ എമ്പോസിഷൻ എഴുതാനും ക്ലാസിലിരിക്കാനും തയ്യാറായി വേണം വരാൻ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് മാസ്ക് ധരിക്കാത്തവർക്ക് വ്യത്യസ്തമായ ഈ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല,  മാസ്ക് ധരിക്കണം എന്ന്  അഞ്ഞൂറ് പ്രാവശ്യം എമ്പോസിഷൻ എഴുതണം. മാസ്ക് ധരിക്കാത്തവരെ പാഠം പഠിപ്പിക്കാൻ ജില്ലാ ഭരണകൂടമാണ് പൊലീസിനൊപ്പം ചേർന്ന് ഈ ശിക്ഷാ നടപടിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

'മാസ്ക് കി ക്ലാസ് എന്നാണ് ഈ നടപടിക്ക് പേര് നൽകിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോ​ഗസ്ഥനും ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോ​ഗസ്ഥനും ഒരു ഡോക്ടറും ഈ ക്ലാസിൽ ഉൾപ്പെട്ടിട്ടുണ്ട്. മാസ്കില്ലാതെ പുറത്തിറങ്ങുന്നവർക്ക് നിർദ്ദേശങ്ങളും പാഠങ്ങളും ഈ ക്ലാസിൽ നൽകും. ഇവർക്ക് പൊലീസ് നടപടിയൊന്നും നേരിടേണ്ടി വരില്ല. എന്നാൽ മൂന്ന് നാല് മണിക്കൂർ ക്ലാസിൽ ഇരിക്കേണ്ടി വരും. ക്ലാസിൽ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ​ഗുണങ്ങളും ഉൾപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഇവർക്ക് മുന്നിൽ പ്രദർശിപ്പിക്കും.' പൊലീസ് സൂപ്രണ്ട് സച്ചീന്ദ്ര പട്ടേൽ പറഞ്ഞു. 

പിന്നീടാണ് ഇവരോട് മാസ്ക് ധരിക്കണം എന്ന് 500 പ്രാവശ്യം എഴുതാൻ ആവശ്യപ്പെടുന്നതെന്നും പട്ടേൽ കൂട്ടിച്ചേർത്തു. തിലക് ഇന്റർ കോളേജിൽ നിന്ന് കാംപെയിൻ ആരംഭിക്കും. പൊലീസ് സൂപ്രണ്ടും മജിസ്ട്രേറ്റും സ്ഥിതി​ഗതികൾ നിരീക്ഷിക്കുമെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.