മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന തര്‍ക്കത്തിനിടെ മുഖ്യമന്ത്രിയായി ഫഡ്നാവിസ് സത്യപ്രതിഞ്ജ ചെയ്യുമെന്ന് സൂചന. ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും.

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ സംബന്ധിച്ച് ബിജെപി ശിവസേന തര്‍ക്കം മുറുകുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് വെള്ളിയാഴ്ച സത്യപ്രതിഞ്ജ ചെയ്യുമെന്ന് സൂചന. ശിവസേനയും സര്‍ക്കാരില്‍ പങ്കുചേരാന്‍ തയ്യാറാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ പ്രകാരം 50:50 ഫോര്‍മുല നടപ്പാക്കണമെന്നും ഇതനുസരിച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഭരണകാലയളവില്‍ ബിജെപിയും ശിവസേനയും അധികാരം തുല്യമായി പങ്കിടണമെന്നും ആദ്യത്തെ രണ്ടരവര്‍ഷം മുഖ്യമന്ത്രിപദം നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിപദം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയ്ക്ക് നേരത്തെ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഫഡ്നാവിസ് പറഞ്ഞത് ശിവസേനയെ പ്രകോപിപ്പിച്ചു. ചര്‍ച്ചകളെ വഴിതിരിച്ച് വിടുകയാണെന്ന് ബിജെപി ചെയ്യുന്നതെന്ന ശിവസേന മുഖപത്രമായ 'സാമ്ന'യിലെ വാര്‍ത്തകളോടുള്ള അതൃപ്തിയും ഫഡ്നാവിസ് പ്രകടിപ്പിച്ചു. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ബിജെപി- ശിവസേന ചര്‍ച്ച റദ്ദാക്കിയതായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ അറിയിക്കുകയായിരുന്നു. അമിത് ഷാ ശിവസേനയ്ക്ക് ഉറപ്പൊന്നും നൽകിയില്ലെന്ന ഫഡ്നാവിസിന്‍റെ വാദം പച്ചക്കള്ളമെന്ന് പിന്നാലെ ശിവസേന നേതാക്കൾ തിരിച്ചടിച്ചിരുന്നു.

അതേസമയം പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് യോഗത്തെ അറിയിക്കും. യോഗത്തിന് അമിത് ഷാ നേരിട്ടെത്തിയേക്കില്ല. ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പ് തരാതെ ഇനി ചർച്ച വേണ്ടെന്നാണ് ശിവസേന പറയുന്നത്. 

യോഗത്തിന് അമിത് ഷാ നേരിട്ടെത്തുമെന്നും യോഗശേഷം ഉദ്ദവുമായി ചർച്ച നടത്തുമെന്നും ബിജെപി ഓഫീസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അമിത് ഷാ വരില്ലെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ, ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് അവിനാശ് റായ് ഖന്ന എന്നിവർ പകരം നിരീക്ഷകരായി എത്തും. നാല് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണകൂടി ഉറപ്പിച്ച സേന പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അമിത് ഷാ യാത്ര റദ്ദാക്കുന്നത്.