പരാതി പരിഗണിച്ച കമ്മീഷന്‍ ചീഫ് ജസ്റ്റിസിനെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ സുപ്രീം കോടതി ജീവനക്കാരി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷനിലെ അംഗങ്ങള്‍ ക്ലബ് അംഗങ്ങളെപ്പോലെ പെരുമാറിയെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. പരാതിക്കാരിയോട് അപമര്യാദയായിട്ടാണ് പെരുമാറിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. പരാതി പരിഗണിച്ച കമ്മീഷന്‍ ചീഫ് ജസ്റ്റിസിനെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു.

സുപ്രീം കോടതിയെപ്പോലെ ഒരു സ്ഥാപനം സുതാര്യത ഉറപ്പു വരുത്തണം. സംശയത്തോടെയാണ് അവര്‍ പരാതിയെയും പരാതിക്കാരിയെയും സമീപിച്ചത്. ഏതു വിധേനയും സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്‍റെയും അന്തസ് നിലനിര്‍ത്തുക എന്നത് മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം.

പരാതിക്കാരിക്ക് അന്വേഷണക്കമ്മീഷര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിസ്സമ്മതിച്ചതിലൂടെ സിബിഐയെപ്പോലെയാണ് പെരുമാറിയത്. അന്വേഷണ ഏജന്‍സിയായ സിബിഐയെപ്പോലെ കോടതിക്ക് പെരുമാറാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. 

നേരത്തെ യുവതി ആരോപിച്ച ലൈംഗിക പീഡനത്തിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി മൂന്നംഗ അന്വേഷണ കമ്മീഷന്‍ തള്ളിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയെ സമീപിച്ചു. ദേശീയമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്.