Asianet News MalayalamAsianet News Malayalam

Republic Day : റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; സംസ്ഥാനത്തും ആഘോഷങ്ങള്‍, മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗവര്‍ണര്‍

റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം.

india celebrates 73rd republic day today governor congratulates chief minister pinarayi vijayan
Author
Thiruvananthapuram, First Published Jan 26, 2022, 9:50 AM IST

ദില്ലി/ തിരുവനന്തപുരം: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ( 73rd Republic Day) നിറവില്‍ രാജ്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ആഘോഷങ്ങൾ. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയർത്തി. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം.

നീതി ആയോഗിൻ്റെ ആരോഗ്യസൂചികയിൽ നാല് വർഷം തുടർച്ചയായി കേരളം ഒന്നാമതാണ്. വാക്സിനേഷനിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് ഇന്ത്യയുടെ ശക്തിയും നേതൃപാടവും തിരിച്ചറിച്ച കാലമാണിത്. കേരളത്തിൻ്റെ നേട്ടങ്ങൾ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാപേർക്കും ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഗവർണർ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം. സാക്ഷരതയിലും ആരോഗ്യത്തിലും സ്കുൾ വിദ്യാഭ്യാസത്തിലെയും നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ രാജ്യം ശക്തമായി നേരിട്ടു. ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവ് നടത്തിയെന്ന് പറഞ്ഞ ഗവർണർ സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ചു. സ്ത്രീധന പീഡനകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. ഉന്നത വിദ്യാഭ്യാസം ഇനിയും ശക്തിപ്പെടുത്തണമെന്ന് ഗവർണർ പറഞ്ഞു.

കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയർത്തി. സര്‍ക്കാര്‍ വിശ്വസിക്കുന്നത് സാധാരണക്കാരിലാണെന്നും മത നിരപേക്ഷതയാണ് നമ്മുടെ മുഖമുദ്രയെന്നും മുഹമ്മദ് റിയാസ് റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പറഞ്ഞു. ജാതിയുടേയും മതത്തിൻ്റേും പേരിൽ പ്രശ്നങ്ങളെ സമീപിക്കുന്ന പ്രവണത ശരിയല്ല. മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിക്കണം. സ്വതന്ത്ര സമര ബിംബങ്ങൾ മാറ്റി ചില ബിംബങ്ങളെ പ്രതിഷ്ഠിക്കാൻ ചിലർ ശ്രമിക്കുന്നു. അത് ശരിയല്ല. കൊവിഡ് മഹാമാരിക്ക് എതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ആലപ്പുഴ ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം. എറണാകുളത്തെ റിപബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി മന്ത്രി പി രാജീവ് പതാക ഉയർത്തി. വയനാട് കൽപ്പറ്റ എസ് കെ എം.ജെ സ്കൂൾ ഗ്രൗണ്ടില്‍ മന്ത്രി വി അബ്ദുറഹിമാൻ പതാക ഉയർത്തി. പത്തനംതിട്ടയിൽ മന്ത്രി ആൻ്റണി രാജുവും പാലക്കാട് ജില്ലയില്‍ മന്ത്രി കെ കൃഷ്ണൻ കുട്ടി ദേശീയ പതാക ഉയർത്തി. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ റവന്യൂ മന്ത്രി കെ രാജൻ അഭിവാദ്യം സ്വീകരിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ഇടുക്കിയിലെ റിപ്പബ്ലിക് ദിനാഘോഷം. കൊവിഡ് ഓരോരുത്തരും സ്വയം സംരക്ഷിക്കാൻ ബാധ്യത ഏറ്റെടുക്കണം. കൊവിഡ് സംസ്‌ഥാനത്തിന്റെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്വയം നിയന്ത്രണം ഏറ്റെടുക്കാനുള്ള ബാധ്യത എല്ലാവരും ഏറ്റെടുക്കണം. ഭരണ ഘടനയുടെ അന്തസ്സും കെട്ടുറപ്പും കാത്ത് സൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുക്കേണ്ട സമയമാണിത്. ആരോഗ്യ, കാർഷിക രംഗത്തു പ്രവർത്തിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 വർഷം കൊണ്ട് ഇടുക്കി നേടിയത് സമാനതകൾ ഇല്ലാത്ത നേട്ടമാണ് ഇടുക്കി ഭൂ പ്രശ്നങ്ങളൾ നിർമാണ നിരോധനം എന്നിവ പരിഹരിക്കാൻ സർക്കാർ ശ്രമിക്കും. ഇടുക്കി പാക്കേജ് ഈ വർഷം പൂർണതയിൽ എത്തിക്കും. സംസ്ഥാനത് കുടിവെള്ള കണക്ഷൻ എഴുപത് ലക്ഷം ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൻ്റെ ഫ്ലോട്ടിന് അനുമതി നൽകാത്ത സംഭവം വേദനിപ്പിക്കുന്ന അനുഭവമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ. കാസർകോട് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണിത്. തെറ്റ് മനസിലാക്കി പിന്നീട് ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു. തൃശ്ശൂരില്‍ കെ രാമകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. കൊവിഡിനെതിരായ പോരാട്ടത്തിനൊപ്പം സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെയും ഒറ്റകെട്ടായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അസമത്വങ്ങളെ ജാതി മത ഭേദമന്യേ ഒറ്റ കെട്ടായി നേരിടണം. അസമത്വങ്ങൾക്കും അനീതിക്കുമെതിരായി പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഫെഡറലിസം തകർക്കുന്ന രീതിയാണ് ഇന്നെന്നും രാഷ്ട്രം പ്രത്യേക മതത്തിന്റേതാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും കണ്ണൂരില്‍ എം വി ഗോവിന്ദന്‍  പറഞ്ഞു.

Follow Us:
Download App:
  • android
  • ios