ഇന്ത്യ-ചൈന ബന്ധം ഇപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ലെന്ന് കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൂണ്ടിക്കാട്ടി. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണം.

ദില്ലി: അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ കശ്മീര്‍ പരാമര്‍ശത്തില്‍ അതൃപ്തിയറിയിച്ച ഇന്ത്യ, ചൈനയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം പരസ്യപ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കി. 

അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന ബന്ധം ഇപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ലെന്ന് കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൂണ്ടിക്കാട്ടി. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണം. പാംഗോഗ്, ഗോഗ്ര, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റത്തിന് ഇന്ത്യ ഉദ്ദേശിച്ച വേഗതയില്ല. നേരത്തെ നടന്ന നയതന്ത്ര സൈനിക തല ചര്‍ച്ചകളിലെ ധാരണ ലംഘിച്ചതിലുള്ള അതൃപ്തിയും കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

India- China: അതിർത്തി പിന്മാറ്റത്തിൽ ധാരണയായി; ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കിയെന്നും എസ് ജയശങ്കർ

ഇസ്ലലമാബാദും അഫ് ഗാനിസ്ഥാനും സന്ദര്‍ശിച്ച ശേഷമാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഇവിടങ്ങളിലെ യാത്രാ പദ്ധതിയടക്കം രഹസ്യമാക്കി വയക്കേണ്ടതിനാല്‍ ചൈനയുടെ അഭ്യർത്ഥന മാനിച്ചാണ് സന്ദര്‍ശനം പരസ്യപ്പെടുത്താത്തതെന്നും വിദേശ കാര്യമന്ത്രി അറിയിച്ചു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ ചില മുസ്ലീം സുഹൃത്തുക്കള്‍ പങ്കുവച്ച വികാരമാണ് ചൈനക്കെന്ന് ഇസ്ലമാബാദില്‍ നടന്ന ഒഐസി യോഗത്തില്‍ വാങ് യീ നടത്തിയ പരമാര്‍ശത്തിലും ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലുമായും വാങ് യീ കൂടിക്കാഴ്ച നടത്തി. ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്ര പ്രതിനിധി ഇന്ത്യയിൽ എത്തുന്നത്. 

സർപ്രൈസ് വിസിറ്റ്: ചൈനീസ് വിദേശകാര്യ മന്ത്രി ദില്ലിയിൽ, നയതന്ത്ര സന്ദർശനം രണ്ട് വർഷത്തിനിടെ ഇതാദ്യം