ദില്ലി: രാജ്യത്ത് വിവിധ ഇടങ്ങളിൽ പുതിയ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഇതുവരെയുള്ളതിനേക്കാൾ ഉയർന്ന കൊവിഡ് പോസിറ്റീവ് കണക്കാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് കേരളത്തിൽ നിന്ന് പോയ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കേരളത്തിന്റെ തൊട്ട് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇന്ന് 2532 പേർക്കാണ് കൊവിഡ്. കേരളത്തിൽ നിന്ന് പോയ മലയാളികളടക്കമുള്ളവരുടെ കണക്കാണിത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തിയവരിൽ രോഗബാധിതർ കൂടുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 59377 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം 1493 പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയിലെ രോഗബാധിതരുടെ എണ്ണം ഇതോടെ 41,172 ആയി. ഇന്ന് ഉയർന്ന മരണസംഖ്യയാണ് രേഖപ്പെടുത്തിയത്. 53 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 757 ലേക്ക് എത്തി.

കർണാടകത്തിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണിന്ന്.  453 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ അഞ്ച് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ രോഗികൾ 9150ആണ്. ആകെ മരണം 137 ആയി.

ഗുജറാത്തിൽ 580 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണ്. ഇന്ന് 25 വൈറസ് ബാധിതരെയാണ് മരണം കവർന്നത്. ഇതോടെ ആകെ രോഗബാധിതർ 27,317ഉം ആകെ മരണം 1,664 മായി. ദില്ലിയിൽ ഇന്ന് 3000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ 59746 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം 63 പേർ മരിച്ചു. ആകെ മരണം 2175 ആയി. 

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 132075 കടന്നു. ഇന്ന് 3870 പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. 1591 പേർ ഇന്ന് രോഗമുക്തി നേടി.  നിലവിൽ ചികിത്സയിൽ 60147 പേരാണുള്ളത്.