നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് കർശന താക്കീതും ഇന്ത്യ നൽകി.

ദില്ലി: ദില്ലിയിലെ പാകിസ്ഥാനി ഹൈക്കമ്മീഷനിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാൻ ഇയാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നൽകി. നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് കർശന താക്കീതും ഇന്ത്യ നൽകി.

ഹൈക്കമ്മീഷനിലെ ചാർജ് ഡെ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം നൽകിയത്. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമായ രീതിയിൽ പ്രവര്‍ത്തിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഇന്ത്യയിലുള്ള ഒരു പാകിസ്ഥാനി നയതന്ത്ര ഉദ്യോഗസ്ഥനും തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടരുതെന്നാണ് നിര്‍ദേശം.

കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിൽ ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കിയിരുന്നു. 

YouTube video player