ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തിൽ രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം

ദില്ലി: രാജ്യം ഭരിക്കുന്ന എൻഡിഎ മുന്നണിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന പ്രതിപക്ഷ ഐക്യ സഖ്യം ഇന്ത്യ മുന്നണി 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു. രാജ്യത്തെ പ്രധാന 14 വാർത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്.

ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തിൽ രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ വ‍ർഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേർന്ന ഇന്ത്യാ മുന്നണി കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് പവൻ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തുവിട്ടത്.

മാധ്യമപ്രവർത്തകർ ഇവർ

  1. അതിഥി ത്യാഗി
  2. അമൻ ചോപ്ര
  3. അമീഷ് ദേവ്‌ഗൺ
  4. ആനന്ദ് നരസിംഹൻ
  5. അർണാബ് ഗോസ്വാമി
  6. അശോക് ശ്രീവാസ്തവ്
  7. ചിത്ര ത്രിപദി
  8. ഗൗരവ് സാവന്ത്
  9. നവിക കുമാർ
  10. പ്രാചി പരാശർ
  11. റുബിക ലിയാഖത്
  12. ശിവ് അരൂർ
  13. സുധിർ ചൗധരി
  14. സുശാന്ത് സിൻഹ