ഓൺലൈൻ എയർ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ അമിതമായി ക്യാൻസലേഷൻ ചാർജുകൾ ഈടാക്കുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം. എയർലൈനുകൾ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 'അന്യായമായ വ്യാപാര രീതി' ആണോ എന്ന് പരിശോധിക്കും. ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് ഈ നടപടി.
ദില്ലി: ഓൺലൈൻ എയർ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളിൽ നിന്ന് അമിതമായി ക്യാൻസലേഷൻ ചാർജുകൾ ഈടാക്കുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ഡിജിറ്റൽ ട്രാവൽ ബുക്കിംഗ് രംഗത്തെ സുതാര്യതയില്ലായ്മയും ഉപഭോക്തൃ സംരക്ഷണ ലംഘനവും സംബന്ധിച്ച ആശങ്കകളെത്തുടർന്നാണ് ഈ നടപടി.

എയർലൈനുകൾ നിശ്ചയിച്ചിട്ടുള്ള തുകയേക്കാൾ കൂടുതലാണോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്നത് എന്നും, ബുക്കിംഗ് സമയത്ത് വ്യക്തമാക്കിയ തുകയാണോ ക്യാൻസൽ ചെയ്യുമ്പോൾ ഈടാക്കുന്നത് എന്നും പരിശോധിക്കാൻ ഉപഭോക്തൃ കാര്യ വകുപ്പിനും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്കും (CCPA) മന്ത്രി നിർദ്ദേശം നൽകി. വിപണിയിലെ മറ്റ് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം നടപടികൾ അന്യായമാണെന്ന് കണ്ടെത്തുകയോ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് തെളിയുകയോ ചെയ്താൽ, അത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 'അന്യായമായ വ്യാപാര രീതികളുടെ' (Unfair Trade Practices) പരിധിയിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ പെരുമാറ്റം ഉറപ്പാക്കുന്നതിനും ക്ലാസ് ആക്ഷൻ നടപടികൾ ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ CCPA സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിലേക്ക് നയിച്ചതെന്ത്?
ഭാരതീയ ജനതാ യുവമോർച്ച ദേശീയ സെക്രട്ടറി താജിന്ദർ ബഗ്ഗ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ അന്വേഷണത്തിന് വഴിവെച്ചത്. മുംബൈയ്ക്ക് പകരം നവി മുംബൈയിലേക്ക് അബദ്ധത്തിൽ ഫ്ലൈറ്റ് ബുക്ക് ചെയ്ത അദ്ദേഹത്തിന് ടിക്കറ്റ് ക്യാൻസൽ ചെയ്തപ്പോൾ ചാർജുകളിൽ വലിയ വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ 'അഗോഡ' (Agoda) 4,764 രൂപ ക്യാൻസലേഷൻ ഫീസായി കാണിച്ച് 1,571 രൂപ മാത്രം റീഫണ്ട് നൽകിയപ്പോൾ, ഇതേ ബുക്കിംഗിന് 'അകാശ എയറിൻ്റെ' (Akasa Air) ഔദ്യോഗിക വെബ്‌സൈറ്റിൽ വെറും 299 രൂപ മാത്രമായിരുന്നു ക്യാൻസലേഷൻ ചാർജ്. റീഫണ്ട് തുകയാകട്ടെ 6,076 രൂപയുമായിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചു.
ആഗോള ഊർജ്ജ വിപണിയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സാഹചര്യവും കാരണം വ്യോമയാന മേഖലയിലും വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. ഈ സമയത്താണ് പുതിയ വിവാദമിപ്പോൾ ഉയർന്നിരിക്കുന്നത്. ആഗോള എണ്ണക്കടത്തിൻ്റെ പ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണ റൂട്ടുകളിലെ അനിശ്ചിതത്വം ഇന്ധനവിലയിൽ വലിയ വ്യതിയാനങ്ങൾക്ക് കാരണമായിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾ കണക്കിലെടുത്ത്, ദില്ലി സർക്കാർ അടുത്തിടെ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (ATF) മൂല്യവർദ്ധിത നികുതി (VAT) ആറ് മാസത്തേക്ക് 25 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറച്ചിരുന്നു. ഈ നടപടിയിലൂടെ ദില്ലി സർക്കാരിന് ഏകദേശം 985 കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടായേക്കുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. എയർലൈനുകളുടെ പ്രവർത്തനച്ചെലവിൻ്റെ ഏകദേശം 40 ശതമാനവും വിമാന ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇന്ധന നികുതികൾ ടിക്കറ്റ് നിരക്കിനെയും എയർലൈനുകളുടെ സാമ്പത്തിക ഭദ്രതയെയും നേരിട്ട് ബാധിക്കുന്ന കാര്യമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.


