ദില്ലി: പാകിസ്ഥാനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് പാസ്പോര്‍ട്ട് വേണമെന്ന് ഇന്ത്യ. കര്‍താര്‍പുരിലേക്ക് യാത്ര ചെയ്യുന്നവര്‍ പാസ്പോര്‍ട്ടിന് പകരം തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് കൈവശം സൂക്ഷിച്ചാല്‍ മതിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.

എന്നാല്‍ സിഖ് തീർത്ഥാടകർക്ക് പാസ്പോർട്ടില്ലാതെ പ്രവേശനം നല്‍കും എന്ന ഇമ്രാൻ ഖാന്‍റെ പ്രഖ്യാപനം സൈന്യം തിരുത്തി. സുരക്ഷ പരിഗണിച്ച് പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയില്‍ നിന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കാനാവില്ലെന്ന് പാക് സേന വക്താവ് ആസിഫ് ഗഫൂർ അറിയിച്ചിരുന്നു. അതേസമയം വിഷയത്തില്‍ പാക്കിസ്ഥാന്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പിട്ട കരാർ അനുസരിച്ച് പാസ്പോർട്ടാണ് അം​ഗീകൃതരേഖയെന്നും അതു മാറ്റണമെങ്കിൽ ഇരുരാജ്യങ്ങളുടേയും സമ്മതം വേണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില സമയത്ത് പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് വേണമെന്നും മറ്റൊരിക്കല്‍ വേണ്ടെന്നും പറയുന്നു. പാക് വിദേശകാര്യ മന്ത്രാലയവും മറ്റ് ഏജന്‍സികളും തമ്മില്‍ ധാരണയില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇത്. എന്നാല്‍ പാസ്പോര്‍ട്ട് വേണമെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര.