ദില്ലി: ആവശ്യ മരുന്ന് നല്‍കിയ സഹായിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന് മറുപടിയുമായി നരേന്ദ്ര മോദി. ഈ മഹാമാരിക്കെതിരെ യോജിച്ച് നിന്ന് നാം പോരാടണമമെന്ന് നെതന്യാഹുവിന്റെ ട്വീറ്റ് പങ്കുവെച്ച് മോദി കുറിച്ചു. സുഹൃത്തുക്കള്‍ക്ക് സാധിക്കുന്ന എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയാറാണ്. ഇസ്രലായേല്‍ ജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

നേരത്തെ, കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ എന്ന മരുന്ന് കയറ്റുമതി ചെയ്യാന്‍ സന്നദ്ധമായതിനാണ് മോദിയോട് നെതന്യാഹു നന്ദി അറിയിച്ചത്. ക്ലോറോക്വീന്‍ ഇസ്രായേലിലേക്ക് അയച്ചതിന് നന്ദി പ്രിയ സുഹൃത്തെ. മുഴുവന്‍ ഇസ്രായേല്‍ ജനങ്ങളും താങ്കള്‍ക്ക് നന്ദി പറയുന്നുവെന്ന് നെതന്യാഹു ട്വീറ്റ് ചെയ്തു.

നേരത്തെ, സമയബന്ധിതമായ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും ബ്രസീലും നന്ദി അറിയിച്ചിരുന്നു. ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ എന്ന മരുന്ന് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന ഉറപ്പ് ഇന്ത്യയില്‍ നിന്ന് ലഭിച്ചെന്നാണ്ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ രാജ്യത്തെ അറിയിച്ചത്.

ബ്രസീലിലെ ജനങ്ങള്‍ക്ക് സമയബന്ധിതമായി ഈ സഹായം നല്‍കിയതിന് പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി പറയുന്നതായും ബൊല്‍സാനരോ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ഈ യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല, മനുഷ്യരെ ആകെ സഹായിച്ച നരേന്ദ്ര മോദിയുടെ കരുത്തുള്ള നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.