സാധാരണക്കാരുടെ പേരിൽ ഭീകരരെയാണ് പാകിസ്ഥാൻ സംരക്ഷിക്കുന്നത് എന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി.ഹരീഷ് തുറന്നടിച്ചു.
ദില്ലി: യുഎൻ രക്ഷാസമിതിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യൻ മണ്ണിലേക്ക് കടന്ന് കയറി ഭീകരപ്രവർത്തനം നടത്തുന്ന പാകിസ്ഥാന് ആഗോള സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്ന സദസുകളിൽ പങ്കെടുക്കാൻ പോലും അർഹതയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സാധാരണക്കാരുടെ പേരിൽ ഭീകരരെയാണ് പാകിസ്ഥാൻ സംരക്ഷിക്കുന്നത് എന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി.ഹരീഷ് തുറന്നടിച്ചു.

പൗരൻമാരെ സംരക്ഷിക്കാനാണ് ഇന്ത്യയിലേക്ക് ആക്രമണം നടത്തിയതെന്ന പാക് ആരോപണത്തിന് ഇരട്ടമുഖമുള്ള നിലപാട് എന്നാണ് മറുപടിയായി ഇന്ത്യ തുറന്നടിച്ചത്. യുഎൻ തന്നെ ലിസ്റ്റ് ചെയ്ത ഭീകരരുടെ സംസ്കാരച്ചടങ്ങുകളിൽ പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥർ പങ്കെടുത്തത് ദൃശ്യങ്ങൾ സഹിതം ഇന്ത്യ ചൂണ്ടിക്കാട്ടി. സാധാരണക്കാരെ സംരക്ഷിക്കാനെന്ന പേരിൽ ഭീകരരെ സംരക്ഷിക്കുന്ന പാക് സൈന്യത്തിന്‍റെ ഇരട്ടത്താപ്പ് ഇതോടെ വെളിവായെന്ന് ഇന്ത്യ.
അതിർത്തിക്കിപ്പുറം ഇന്ത്യൻ മണ്ണിലേക്ക് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരും വിവിധ സുരക്ഷാ സേനാംഗങ്ങളും അടക്കം ഇരുപതിലധികം പേർ കൊല്ലപ്പെട്ടെന്നും എൺപതിലധികം പേർക്ക് പരിക്കേറ്റെന്നും ഇന്ത്യ യുഎൻ രക്ഷാ സുരക്ഷാ സമിതിയെ അറിയിച്ചു. മുംബൈ ഭീകരാക്രമണം മുതൽ പഹൽഗാം വരെ സാധാരണക്കാരെ ഉന്നമിട്ട് നടന്ന എല്ലാ ഭീകരാക്രമണങ്ങളിലും പാക് പങ്ക് തെളിഞ്ഞതാണെന്ന് ഇന്ത്യ വ്യക്തമാക്കി. അംബാസിഡർ അസിം ഇഫ്തിഖർ അഹമ്മദാണ് ചർച്ചയിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ച് സംസാരിച്ചത്.
അതിനിടെ, പാക് ഭീകരത ലോകത്തിന് മുന്നിൽ തുറന്ന് കാട്ടാനുള്ള ഇന്ത്യൻ പ്രതിനിധി സംഘങ്ങളുടെ ലോകപര്യടനം തുടരുകയാണ്. സഞ്ജയ് കുമാർ ഷാ അധ്യക്ഷനായ, ജോൺ ബ്രിട്ടാസ് എംപി അംഗമായ, പ്രതിനിധി സംഘം കൊറിയയിൽ എത്തി. ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിൽ, ഇ ടി മുഹമ്മദ് ബഷീർ അംഗമായ സംഘം കോംഗോയിലെത്തി. എൻസിപി എംപി സുപ്രിയ സുലെയുടെ അധ്യക്ഷതയിലുള്ള സംഘം ഖത്തറിലെത്തിയിട്ടുണ്ട്. റഷ്യൻ പര്യടനം പൂർത്തിയാക്കി ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുളള സംഘം നാളെ സ്ലൊവേനിയയിൽ എത്തും. റഷ്യ, യുഎഇ, ജപ്പാൻ, എന്നീ രാജ്യങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.


