Asianet News MalayalamAsianet News Malayalam

അധിക കൊവിഡ് വാക്സീൻ വിദേശ രാജ്യങ്ങളിലേക്ക്, കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ

രാജ്യത്തെ ജനങ്ങൾക്ക് വാക്സീൻ നൽകുന്നതിനായിരിക്കും പ്രാധാന്യം നൽകുക. അധിക വാക്സീനാകും കയറ്റുമതി ചെയ്യുകയെന്നും മന്ത്രി അറിയിച്ചു

india to resume covid vaccine exportation
Author
Delhi, First Published Sep 20, 2021, 5:21 PM IST

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വാക്സീൻ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു. ഒക്ടോബറോടെ വാക്സീൻ മൈത്രി വീണ്ടും തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. അടുത്ത മാസത്തോടെ വാക്സീൻ ഉത്പാദനം കൂടുമെന്നും 30 കോടിയിലധികം ഡോസ് വാക്സീൻ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾക്ക് വാക്സീൻ നൽകുന്നതിനായിരിക്കും പ്രാധാന്യം നൽകുക. അധിക വാക്സീനാകും കയറ്റുമതി ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ ഒരു ദിവസം മാത്രം  രണ്ടര കോടി പേർക്ക് വാക്സീൻ നൽകി രാജ്യം ചരിത്രത്തിലിടം നേടിയിരുന്നു. 


ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി ബ്രിട്ടൺ 

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക്  ബ്രിട്ടൺ ക്വാറൻറൈൻ നിർബന്ധമാക്കി. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിർദേശങ്ങളിൽ കൊവിഷീൽഡിന്റെയും കൊവാക്സീൻറെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്സീനെടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 
 
ബ്രിട്ടണിൽ ഒക്ടോബർ നാല് മുതൽ നിലവിൽ വരുന്ന പുതുക്കിയ യാത്രാനിയന്ത്രണങ്ങളാണ് ആശങ്കയാകുന്നത്. അംഗീകരിച്ച വാക്സീനുകളുടെ  പുതുക്കിയ പട്ടികയിലും കൊവാക്സീനും കൊവിഷീൽഡുമില്ല.  കൊവിഷീൽഡിന്റെയോ കൊവാക്സീന്റെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും.  

ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ആസ്ട്രസെനക്കയുടെ വാക്സിൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹൈറൈൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറന്റീൻ നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻറെ തീരുമാനം വെല്ലുവിളിയായി.  

 

Follow Us:
Download App:
  • android
  • ios