Asianet News MalayalamAsianet News Malayalam

അതിർത്തിയിൽ ഇന്ത്യ പിന്നോട്ടില്ല; ശൈത്യകാലം മുന്നില്‍ കണ്ട് സേന വിന്യാസം

ഇന്ത്യ ചൈന പ്രശ്ന പരിഹാരത്തിന് ആറാംവട്ട കമാന്‍ഡര്‍ തല ചർച്ച നടക്കാനിരിക്കേയാണ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ മുന്നൊരുക്കം. ഇനി നടക്കാനിരിക്കുന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും ഇന്ത്യ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

indian army preparation for winter in  border more troops likely to be deployed
Author
Delhi, First Published Sep 20, 2020, 3:57 PM IST

ദില്ലി: ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നീളുമ്പോള്‍ അതിര്‍ത്തിയില്‍ ശൈത്യകാലത്തിനുള്ള മുന്നൊരുക്കങ്ങളുമായി കരസേന. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപം കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിച്ചു. ഇതിനിടെ ഗൽവാനിലെ ഏറ്റുമുട്ടലിന് ഒരു മാസം മുമ്പ് ദെപ്സാങിലെ അഞ്ച് പോയിന്‍റുകളിലെ പട്രോളിംഗ് ചൈന തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

ഇന്ത്യ ചൈന പ്രശ്ന പരിഹാരത്തിന് ആറാംവട്ട കമാന്‍ഡര്‍ തല ചർച്ച നടക്കാനിരിക്കേയാണ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ മുന്നൊരുക്കം. കഴിഞ്ഞ വെള്ളിയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ നടന്ന ഉന്നത തല യോഗത്തിന് പിന്നാലെയാണ് ശൈത്യകാലം മുന്നില്‍ കണ്ട് കൂടുതല്‍ സേനാവിന്യാസം അതിര്‍ത്തിയില്‍ നടത്തുന്നത്.

കൂടുതല്‍ ടെന്‍റുകള്‍ നിര്‍മ്മിക്കാനും, ഭക്ഷണ സാമഗ്രികൾ എത്തിക്കാനും നിര്‍ദ്ദേശം കിട്ടിയതായി സേന വൃത്തങ്ങള്‍ വ്യക്തമാക്കി. നവംബര്‍ അവസാനത്തോടെ മഞ്ഞ് വീഴ്ച രൂക്ഷമാകാനിടയുള്ളതിനാല്‍ സാധന സാമഗ്രികള്‍ വായുമാര്‍ഗം എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനി നടക്കാനിരിക്കുന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും ഇന്ത്യ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

അതേസമയം ഇരു സൈന്യങ്ങളും നേര്‍ക്ക് നേര്‍ വന്ന മെയ് മാസത്തിന് മുന്നേ ദെപ്സാംഗ് സമതലത്തിലെ 10, 11, 11A, 12 എന്നീ പട്രോള്‍ പോയിന്‍റുകള്‍ ചൈന അടച്ചിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഫിംഗര്‍ പോയിന്‍റ് നാലിനും എട്ടിനുമിടയില്‍ ഇന്ത്യന്‍ സൈനികരുടെ പട്രോളിംഗ് തടഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. പട്രോൾ പോയിന്‍റ് 14ൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനീസ് നീക്കമാണ് ജൂൺ പതിനഞ്ചിന് 20 ജവാൻമാർ വീരമ്യത്യു വരിക്കാൻ ഇടയാക്കിയത്.

Follow Us:
Download App:
  • android
  • ios