ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രി ജി എല്‍ പിരീസീന്‍റെ ക്ഷണപ്രകാരമാണ് തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള സന്ദര്‍ശനം. രാജ്യം നേരിടുന്ന പ്രതിസന്ധി ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയമായേക്കും. രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണയില്ലാതെ മുന്‍പോട്ട് പോകാനാവാത്ത സ്ഥിതിയിലാണ് ലങ്ക.

ദില്ലി: ശ്രീലങ്ക (SriLanka) കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ (S Jaishankar) കൊളംബോയിലേക്ക് (Colombo) പോകുന്നു. ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രി ജി എല്‍ പിരീസീന്‍റെ ക്ഷണപ്രകാരമാണ് തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള സന്ദര്‍ശനം. രാജ്യം നേരിടുന്ന പ്രതിസന്ധി ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയമായേക്കും. രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണയില്ലാതെ മുന്‍പോട്ട് പോകാനാവാത്ത സ്ഥിതിയിലാണ് ലങ്ക. കൊളംബോ സന്ദര്‍ശനത്തിന് മുന്‍പ് എസ് ജയ് ശങ്കര്‍ മാലിദ്വീപും സന്ദര്‍ശിക്കും.

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയേറുമ്പോൾ ഇന്ത്യയിലേക്കെത്തുന്ന അഭയാർത്ഥികളുടെ എണ്ണവും ഉയരുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടേയും തമിഴ്നാട് ക്യു ബ്രാഞ്ചിന്‍റേയും റിപ്പോർട്ട്. എന്നാൽ കടൽ കടന്നെത്തുന്ന ശ്രീലങ്കൻ സ്വദേശികളെ നിലവിലെ നയമനുസരിച്ച് ഇന്ത്യ അഭയാർത്ഥികളായി അംഗീകരിക്കില്ല. 2012ന് ശേഷം ശ്രീലങ്കയിൽ നിന്ന് എത്തുന്ന ആ‍ർക്കും ഇന്ത്യ അഭയാർത്ഥി പദവി നൽകിയിട്ടില്ല. 

സാമ്പത്തിക പ്രതിസന്ധി കാരണം മറ്റൊരു രാജ്യത്ത് അഭയം തേടുന്നവർക്ക് അഭയാർത്ഥി പദവി നൽകാൻ നിലവിലെ അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നില്ല. മതം, വംശം, ദേശീയത തുടങ്ങിയവയുടെ അടിസ്ഥാനത്തിലോ രാഷ്ട്രീയ കാരണങ്ങളാലോ പീഡനത്തിന് ഇരയാകുമെന്ന ഭയത്തിൽ രാജ്യം വിടുന്നവരെയാണ് 1951ലെ ജനീവ കൺവെൻഷൻ അഭയാ‍ർത്ഥിയായി നിർവചിക്കുന്നത്. 1967ലെ അഭയാർത്ഥികളെ സംബന്ധിച്ച യുഎൻ പ്രോട്ടോക്കോളും സാമ്പത്തികപ്രതിസന്ധി കാരണം മറ്റൊരു രാജ്യത്ത് അഭയം തേടുന്നവരെ അഭയാർത്ഥികളായി അംഗീകരിക്കുന്നില്ല.

2009 മെയ് മാസത്തിൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധം അവസാനിച്ചതിന് ശേഷം അവിടെനിന്ന് എത്തിയ ആർക്കും ഇന്ത്യ അഭയാർത്ഥി പദവി നൽകിയിട്ടില്ല. ഇപ്പോൾ കടൽ കടന്നെത്തിയ 16 പേരിൽ രണ്ട് കുടുംബങ്ങൾ 2016ൽ തമിഴ്നാട്ടിലെ ഗുഡിയാട്ടം അഭയാർത്ഥി ക്യാമ്പിൽ നിന്ന് എക്സിറ്റ് വീസയിൽ തിരിച്ചുപോയവരാണ്. ഇവർക്ക് വീണ്ടും അഭയാർത്ഥി പദവി നൽകുന്നതിലും അന്താരാഷ്ട്ര നിയമങ്ങളുടെ തടസ്സമുണ്ട്. 

കോടതി പുഴൽ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തവരെ തമിഴ്നാട് സ‍ർക്കാരിന്‍റെ പ്രത്യേക ഉറപ്പിൽ അഭയാർത്ഥി ക്യാമ്പിലേക്ക് തൽക്കാലം മാറ്റിയിട്ടുണ്ട്. ഇപ്പോൾ വന്നവരുടേയും ഇനി വരാനിരിക്കുന്നവരുടേയും കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാനത്തിന് ഔദ്യോഗിക നിർദേശം നൽകിയിട്ടുമില്ല.

ശ്രീലങ്കയിലെ ആഭ്യന്തര കലാപകാലത്ത് പലായനം ചെയ്ത മൂന്ന് ലക്ഷത്തോളം തമിഴർക്ക് ഇന്ത്യ അഭയം നൽകിയിരുന്നു. അതിൽ തൊണ്ണൂറായിരത്തിലേറെപ്പേർ ഇപ്പോഴും തമിഴ്നാട്ടിലെ നൂറിലേറെ അഭയാർത്ഥി ക്യാമ്പുകളിലും ക്യാമ്പുകൾക്ക് പുറത്തുമായി തുടരുന്നുണ്ട്.