ദില്ലി: പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വാട്സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. പെഗാസസ് എന്ന ചാര സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സമ്മതിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി കാലിഫോർണിയയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് ഇന്ത്യൻ സർക്കാർ വാട്സാപ്പിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഇസ്രയേൽ അധിഷ്ഠിതമായ എൻഎസ്ഒ എന്ന സൈബർ ഇന്‍റലിജൻസ് സ്ഥാപനം വികസിപ്പിച്ച ചാര സോഫ്റ്റ്‍‍വെയറുപയോഗിച്ചാണ് ലോകമെമ്പാടും 1400ഓളം പേരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടത്. എൻഎസ്ഒ ഗ്രൂപ്പിനെതിരെ ചൊവ്വാഴ്ചയാണ് വാട്സാപ്പ് കോടതിയെ സമീപിച്ചത്. 

വിഷയത്തിൽ നവംബർ നാലാം തീയതിക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് ഐടി മന്ത്രാലയം വാട്സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെഗാസസ് ആക്രമണത്തിന്‍റെ വ്യാപ്തിയെക്കുറിച്ചും ആരുടെ, എന്തൊക്കെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിശദീകരിക്കണമെന്നും വാട്സാപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമ കൊറേഗാൺ കേസിലെ കുറ്റാരോപിതനായ സുരേന്ദ്ര ഗാഡ്ലിങ്ങിന്‍റെ വക്കീൽ നിഹാൽസിംഗ് റാത്തോഡിന്‍റെ അടക്കം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് അവർ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

നാഗ്പൂർ അടിസ്ഥാനമായ പ്രവർത്തിക്കുന്ന നിഹാൽസിംഗ് റാത്തോഡിന് വിദേശ നമ്പറിൽ നിന്ന് പെഗാസസ് ആക്രമണത്തിന്‍റെ മാതൃകയിൽ പലവട്ടം വീഡിയോ കോളുകൾ വന്നിട്ടുണ്ടെന്നാണ് പരാതി. ബെല ഭാട്ടിയ, ശാലിനി ഗേര എന്നീ അഭിഭാഷകരും സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് രണ്ട് ഡസൺ പേരെങ്കിലും ആക്രമണത്തിനരയായിട്ടുണ്ടെന്നാണ് വിവരം.

ഈ വർഷം മേയിലാണ് പെഗാസസ് സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള സൈബ‍‌ർ ആക്രമണം പുറത്ത് വന്നത്. മനുഷ്യാവകാശ പ്രവർത്തകരും, മാധ്യമപ്രവർത്തകരുമടക്കം സൈബർ ആക്രമണത്തിനിരയാക്കപ്പെട്ടു. ഇസ്രയേൽ അധിഷ്ഠിതമായ എൻഎസ്ഓ എന്ന സൈബ‍ർ ഇന്‍റലിജൻസ് സ്ഥാപനം നിർമ്മിച്ച പെഗാസസ് സോഫ്റ്റ്വയറാണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തൽ. ആക്രമിക്കപ്പെട്ട ഫോണിന്‍റെ ക്യാമറയുടെയും മൈക്രോഫോണിന്‍റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്ന സോഫ്റ്റ് വയറാണ് പെഗാസസ്. 

അംഗീകൃത സ‌ർക്കാ‌ർ ഏജൻസികൾക്ക് മാത്രമേ സോഫ്റ്റ് വയ‌ർ വിൽക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗാസസ് തയ്യാറാക്കിയതെന്നുമായിരുന്നു വാർത്ത പുറത്ത് വന്നപ്പോൾ എൻഎസ്ഓയുടെ വിശദീകരണം. കമ്പനി സ്വയം പെഗാസസ് ഹാക്കിങ്ങിനായി ഉപയോഗിക്കാറില്ലെന്നും എൻഎസ് ഓ വ്യക്തമാക്കിയിരുന്നു.

എൻസ്ഓക്കെതിരെ ആംനെസ്റ്റി ഇന്‍റർനാഷണൽ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. ഇത്തരം ആക്രമണങ്ങൾക്ക് മുൻപും വിധേയരായിട്ടുണ്ടെന്ന് അവകാശപ്പെട്ട മനുഷ്യാവകാശ സംഘടന ഇത്തരം സോഫ്റ്റ് വെയറുകൾ മാധ്യമപ്രവ‌ർത്തക‌ർക്കും മനുഷ്യാവകാശപ്രവ‌ർത്തക‌ർക്കുമെതിരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതിപ്പെടുന്നത്. എൻഎസ്ഓയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റ‌ർനാഷണൽ ടെൽ അവീവിൽ കോടതിയെ സമീപിച്ചിരുന്നു.