Asianet News MalayalamAsianet News Malayalam

ട്രെയിന്‍ വൈകി, അമ്മയെ ഫോണില്‍ കിട്ടുന്നില്ല; ട്വീറ്റ് ചെയ്ത യുവാവിന് ഇന്ത്യന്‍ റെയില്‍വെയുടെ സഹായം

ശാശ്വതെന്ന ചെറുപ്പക്കാരന്‍റെ അമ്മ സഞ്ചരിച്ച ട്രെയിന്‍ 12 മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. അമ്മയ്ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. 

indian railways helps man for contact  mother on board
Author
Delhi, First Published Oct 1, 2019, 5:19 PM IST

ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ഫോണിന്‍റെ റേഞ്ച് കട്ടാവുന്നതും കോള്‍ കണക്ട് ആകാതിരിക്കുന്നതുമൊക്കെ സാധാരണമാണ്. യാത്രചെയ്യുന്നവര്‍ക്ക് കാര്യമറിയാമെങ്കിലും കാത്തിരിക്കുന്നവര്‍ക്ക് അറിയില്ലല്ലോ എന്താണ് സംഭവിച്ചതെന്ന്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സഹായവുമായെത്തിയ ഇന്ത്യന്‍ റെയില്‍വെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. 

ശാശ്വതെന്ന ചെറുപ്പക്കാരന്‍റെ അമ്മ സഞ്ചരിച്ച ട്രെയിന്‍ 12 മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. അമ്മയ്ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നുമുണ്ടായിരുന്നില്ല. ശാശ്വത് അവസാനം ട്വിറ്ററില്‍ ഒരു പോസ്റ്റ് നല്‍കി, റെയില്‍വെ മന്ത്രി പിയുഷ് ഗോയലിനെയും റെയില്‍വെ മന്ത്രാലയത്തിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. 

'' സര്‍, എനിക്ക് അമ്മ ഷീലാ പാണ്ഡെയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. അജ്മീര്‍ - സിയാല്‍ഡാ എക്സ്പ്രസില്‍ യാത്രചെയ്യുകയാണ് അമ്മ. ട്രെയിന്‍ 12 മണിക്കൂര്‍ വൈകിയോടുകയാണ്. അമ്മ അവിടെത്തന്നെയുണ്ടോ എന്നറിയാന്‍ എന്നെ ഒന്ന് സഹായിക്കുമോ'' - എന്നായിരുന്നു കോച്ച് പൊസിഷന്‍ അടക്കം നല്‍കി ശാശ്വത് ട്വീറ്റ് ചെയ്തത്. 

അല്‍പ്പസമയത്തിനുളളില്‍ തന്നെ ശാശ്വതിന് റെയില്‍വെ മന്ത്രാലയം മറുപടി നല്‍കി. അമ്മയുടെ പിഎന്‍ആര്‍ നമ്പറും ഫോണ്‍ നമ്പറും ആവശ്യപ്പെട്ടു. ബോര്‍ഡിംഗ് തീയതിയും ബോര്‍ഡിംഗ് സ്റ്റേഷനും ചോദിച്ചറിഞ്ഞു. പിന്നീട് വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അറിച്ചു. പിന്നീട് ശാശ്വതിന്‍റെ അമ്മയെ കണ്ടെത്തി ശാശ്വതിന് അമ്മയുമായി സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. 

ഇന്ത്യന്‍ റെയില്‍വെയുടെ നടപടിയില്‍ നന്ദിയറിച്ച് ശാശ്വത് വീണ്ടും ട്വീറ്റ് ചെയ്തു. റെയില്‍വെ മന്ത്രാലയവും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരെ എല്ലായിപ്പോഴും ശ്രദ്ധിക്കുന്നുവെന്നായിരുന്നു ട്വീറ്റ്. 

Follow Us:
Download App:
  • android
  • ios