ദില്ലി: തിരക്കേറിയ ദില്ലി-മുംബൈ, ദില്ലി-കൊൽക്കത്ത റൂട്ടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കുന്നതിനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. 18,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് പറഞ്ഞു.

അന്താരാഷ്ട്ര റെയിൽ കോൺഫറൻസ് 2019ഉം 13-ാമത് അന്താരാഷ്ട്ര റെയിൽവേ ഉപകരണ പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പൂർത്തിയാക്കാൻ കുറഞ്ഞത് നാല് വർഷമെങ്കിലും സമയമെടുക്കുമെന്നും വി.കെ യാദവ് വ്യക്തമാക്കി.

ദില്ലി - മുംബൈ,ദില്ലി - കൊൽക്കത്ത റൂട്ടുകളിൽ 160 കിലോമീറ്റർ വേഗതയിലും മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ഓടി കൊണ്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിനുകളുടെ വേഗത 320 കിലോമീറ്ററും ആണ് പുതിയ പദ്ധതിയിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. നിലവിൽ വിവിധ റൂട്ടുകളിലെ ട്രെയിനുകളുടെ പരാമാവധി വേ​ഗത 99 കിലോമീറ്ററാണ്. വന്ദേ ഭാരത് എക്സ്പ്രസാണ് ശരാശരി 104 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്.

160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തുന്നതിൽ ഫെൻസിംഗ്, ട്രാക്കും സിഗ്നലിംഗും നവീകരിക്കുക, ആളില്ലാ ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കുക എന്നിവയും ഉൾപ്പെടുന്നുവെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റെയിൽ‌വേ കൂടുതൽ അലുമിനിയം കോച്ചുകൾ നിർമ്മിക്കുമെന്നും റെയിൽ‌വേ പദ്ധതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നുണ്ടെന്നും യാദവ് വ്യക്തമാക്കി.