ബെയ്ജിങ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും. നാല്‍പ്പത്ത‌ഞ്ചുകാരിയും സ്കൂള്‍ അധ്യാപികയുമായ പ്രീതി മഹേശ്വരിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ പ്രമുഖ നഗരങ്ങളായ വുഹാന്‍, ഷെന്‍സെന്‍ നഗരങ്ങളിലാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിട്ടുള്ളത്. ഷെന്‍സെനിലെ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ അധ്യാപികയായിരുന്നു പ്രീതി മഹേശ്വരി. രോഗം മൂര്‍ച്ഛിച്ചതോടെ പ്രീതിയെ ഷെന്‍സെനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് പ്രീതിയെ. സാര്‍സ് ബാധയുമായി കൊറോണ വൈറസിനുള്ള ബന്ധം മൂലം കനത്ത ജാഗ്രതയിലാണ് ഈ മേഖലകള്‍ ഉള്ളത്. 

ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. ഇവർക്ക് രോഗം സ്ഥിരീകരിച്ചതായും  ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഭർത്താവ് അഷുമാന്‍ ഖോവൽ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. ദില്ലിയിൽ വ്യാപാരിയാണ് അഷുമാൻ. മഹേശ്വരി നിലവിൽ ഐസിയുവിലാണ്. വെന്റിലേറ്ററിൽ മറ്റു ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ നടക്കുന്നതെന്നാണ് വിവരം. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയെന്നാണ് വിവരം. 

വുഹാൻ, ഷെൻസെൻ മേഖലകളിൽ പടരുന്ന ന്യുമോണിയയുടെ കാരണം അന്വേഷിച്ചപ്പോഴായിരുന്നു സാർസ് പരത്തുന്നതിനു തുല്യമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങൾ. 2002–03ൽ ചൈനയെയും ഹോങ്കോങ്ങിനെയും വിറപ്പിച്ച സാർസിനു തുല്യമാണ് ഈ കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോർട്ടുകൾ. സാര്‍സ് ബാധിച്ച്  650നടുത്ത് രോഗികളാണു മരിച്ചത്.