ദില്ലി: സര്‍ ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ വേദങ്ങള്‍ അതേകുറിച്ച് പരാമര്‍ശിച്ചിരുന്നുവെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ആര്‍എസ്എസ് സംഘടിപ്പിച്ച ഗ്യാനോത്സവത്തില്‍ വച്ചാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍.

ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് തന്നെ ചരകനും ആര്യഭട്ടയുമൊക്കെ വേദങ്ങളില്‍ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സമ്പന്നമാണ് നമ്മുടെ ഭൂതകാലം. എന്നാല്‍, അത് യുവാക്കളെ ബോധവത്കരിക്കുന്നതില്‍ പരാജയപ്പെട്ടു. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ഇന്ത്യ ബഹുദൂരം മുന്നോട്ട് പോയെന്ന് പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ ചോദ്യം ചെയ്യുകയാണുണ്ടായത്.

യോഗയെ കുറിച്ച് പറയുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടുകയാണെന്നും രമേഷ് പൊക്രിയാല്‍ പറഞ്ഞു. ഐഐടിയിലെയും എന്‍ഐടിയിലെയും ഡയറക്ടര്‍മാരോട് ഇന്ത്യയിലെ വേദങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന് പറയണം. ഭൂമിയിലെ ഭാഷകളുടെ മാതാവാണ് സംസ്കൃതം. ഇന്ത്യയിലെ ഏറ്റവും പുരാതന ഭാഷയായ സംസ്കൃതത്തിലാണ് വേദങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.