ഒരുമിച്ച് നിന്ന് അടുത്തുള്ളവരെ സഹായിച്ച് അവരെ ഉയര്‍ന്ന വരാന്‍ കൈനീട്ടി നല്‍കേണ്ട സമയമാണ് ഇത്. ചുറ്റുമുള്ളവരോടെ കരുണയോടും സഹാനുഭൂതിയോടെയും ക്ഷമയോടും കൂടി ചുറ്റുമുള്ളവരെ മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം.
മുംബൈ: ഓണ്‍ലൈന്‍ വേദികളിലൂടെയുള്ള വിദ്വേഷ പ്രചാരണവും ഭീഷണിപ്പെടുത്തലുകളും അവസാനിക്കേണ്ട സമയമായിയെന്ന് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് ആളുകള്‍ പരസ്പരം ഉപദ്രവിക്കാനും തരം താഴ്ത്താനുമായാണ് ഓണ്‍ലൈന്‍ ഉപയോഗിക്കുന്നതെന്ന് രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. സഹാനുഭൂതിയുടേയും പിന്താങ്ങലിന്‍റേയും ഒരിടമായി ഓണ്‍ലൈന്‍ പരിണമിക്കുമെന്നാണ് പ്രതീക്ഷയെന്നും രത്തന്‍ ടാറ്റ കുറിക്കുന്നു.
'എല്ലാവര്‍ക്കും ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ വര്‍ഷം. വെല്ലുവിളിയുടെ തോതില്‍ ചെറിയ വ്യത്യാസം ഉണ്ടായെന്ന് വരാം. പരസ്പരം വേദനിപ്പിക്കുകയും അടുത്തയാളെ വലിച്ച് താഴെയിടാനുള്ള പ്രവണതയുമാണ് ഓണ്‍ലൈനുകളില്‍ വ്യാപകമായി കാണുന്നത്. ഓണ്‍ലൈനില്‍ വളരെ പെട്ടന്ന് തീരുമാനങ്ങളിലെത്തിയാണ് ഇത്തരം രീതികളില്‍ ആളുകള്‍ പെരുമാറുന്നത്. ഒരുമിച്ച് നിന്ന് അടുത്തുള്ളവരെ സഹായിച്ച് അവരെ ഉയര്‍ന്ന വരാന്‍ കൈനീട്ടി നല്‍കേണ്ട സമയമാണ് ഇത്. ചുറ്റുമുള്ളവരോടെ കരുണയോടും സഹാനുഭൂതിയോടെയും ക്ഷമയോടും കൂടി ചുറ്റുമുള്ളവരെ മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ഓണ്‍ലൈന്‍ ഇടങ്ങളില്‍ തന്‍റെ സാന്നിധ്യം പരിമിതമാണ്. പക്ഷേ ഇവിടം എല്ലാവരോടും സമാനുഭവത്തോടെ ഇടപഴകുമെന്നാണ് തന്‍റെ പ്രതീക്ഷ. പഴിചാരലും പരിഹാസങ്ങളും മുറിവേല്‍പ്പിക്കലും വിദ്വേഷവും അവസാനിപ്പിക്കണ്ട സമയമായി' എന്നും രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ആവശ്യപ്പെടുന്നു.

വിവിധ വിഷയങ്ങളില്‍ ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പോരടിക്കുന്നതും വിദ്വേഷവും മുറിവേല്‍പ്പിക്കലും വര്‍ധിക്കുന്ന സമയത്താണ് രത്തന്‍ ടാറ്റ ഈ ആവശ്യവുമായി എത്തുന്നത്. യുവനടന്‍ സുശാന്ത് സിംഗിന്‍റെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നിറയുന്നതിനിടയിലാണ് ടാറ്റയുടെ കുറിപ്പെത്തുന്നത്.
